Skip to main content
ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ  ദുരന്ത പ്രതിരോധ  സമിതി യോഗം

കോവിഡ് 19 : 52 ഫലങ്ങളും നെഗറ്റീവ്

 

 

കോവിഡ് 19 പുറത്തു വന്ന 52  പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ജില്ലയില്‍ ഇപ്പോള്‍ ആശുപത്രിയില്‍ 3 ഉം വീടുകളില്‍ 640 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ (23) അയച്ച 3 പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്.

 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍  ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍   കളക്ട്രേറ്റില്‍  ദുരന്ത പ്രതിരോധ അതോറിറ്റി യോഗം ചേര്‍ന്നു. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, മറയൂര്‍ എന്നിവിടങ്ങളിലെ ചെക്ക്‌പോസ്റ്റുകളിലെ പരിശോധന കര്‍ശനമാക്കും.

ലയങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ബോധവത്കരണം നല്‍കും.  ഏതെങ്കിലും വിധ രോഗലക്ഷണമുള്ളവര്‍ വീടുകളില്‍ തന്നെ കഴിയാനും നിര്‍ദ്ദേശിച്ചു. ഇവര്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളും മറ്റും വീടുകളില്‍ എത്തിച്ച് കൊടുക്കും.  അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തില്‍ വെച്ച് ഇവര്‍ക്ക് കൗണ്‍സിലിംഗ്  നല്കും. മറ്റു ജില്ലകളില്‍ നിന്നെത്തുന്ന വാഹ്നങ്ങളടക്കം പരിശോധിച്ച് അണുവിമുക്തമാക്കും.  വിപണിയില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ്, കൊറിയര്‍ വഴി വരുത്തുന്ന സാധനങ്ങള്‍ എന്നിവ 12 മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിച്ചാല്‍ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയും. ഇതിന് കഴിയില്ലെങ്കില്‍ ഓരോ പായ്ക്കറ്റും തുറക്കുമ്പോഴും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം.  60 വയസ്സ് കഴിഞ്ഞവരുടേയും മാറാവ്യാധികള്‍ ഉള്ളവരുടെയും പഞ്ചായത്ത് തലത്തിലുള്ള കണക്കെടുക്കും. ജില്ലയില്‍ ഹിന്ദി, തമിഴ് ഭാഷകളില്‍ ബോധവത്കരണ പ്രചരണം നടത്തുവാനും സമിതി യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യ പൗലോസ്, ജില്ലാ പോലീസ് മേധാവി പി.കെ മധു, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, ഡിഎംഒ ഡോ.പ്രിയ എന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍, ആരോഗ്യ വകുപ്പ്, ദുരന്ത പ്രതിരോധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date