Skip to main content

മുന്‍ കരുതലുകളെടുത്ത് കുമളി ഗ്രാമപഞ്ചായത്ത്

കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തന ഭാഗമായി എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചതായി കുമളി ഗ്രാമപഞ്ചായത്ത്.   കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്  രാത്രിജോലിക്കായി ഒരു ഡോക്ടറെ നിയമിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ഷീബാ സുരേഷ് പറഞ്ഞു. സാമൂഹ്യ വ്യാപനം ഉണ്ടായാല്‍ അതിനു വേണ്ട തയ്യാറെടുപ്പുകള്‍ എന്ന നിലയില്‍ കുമളിയില്‍ അടഞ്ഞുകിടന്നിരുന്ന  സ്വകാര്യ ആശുപത്രി ആവശ്യം വന്നാല്‍  ലഭിക്കുവാന്‍ വേണ്ട നടപടികള്‍ ആശുപത്രി മാനേജ്മെന്റുമായി സംസാരിച്ച് തീരുമാനിച്ചു.  അതനുസരിച്ച്  ആശുപത്രി  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പഞ്ചായത്ത്  ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ഉടമസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കി. അതിഥി തൊഴിലാളികളെ ഒരു കാരണവശാലും അന്യസംസ്ഥാനത്തേക്ക് പോകാന്‍ അനുവദിക്കരുതെന്ന  നിര്‍ദേശവും പഞ്ചായത്ത്  നല്കി കഴിഞ്ഞു. പഞ്ചായത്തംഗങ്ങളും  പഞ്ചായത്ത് ജീവനക്കാരും  കെയര്‍ ഹോമുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യ , അങ്കണവാടി , കുടുബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ  ബോധവല്‍ക്കരണ പരിപാടികള്‍ തുടര്‍ന്നു വരുന്നു.
ബ്രേക്ക് ദ ചെയ്നിന്റെ  ഭാഗമായി പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍  കൈകഴുകാന്‍ വേണ്ട സംവിധാനവും  ഓഫീസുകളില്‍ സാനിറ്റൈസറും ഏര്‍പ്പാടാക്കി. വെയ്റ്റിംങ്ങ് ഷെഡുകള്‍ കഴുകുകയും  ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു. കഴിയുന്നതും വീടുകളില്‍ തന്നെ കഴിഞ്ഞ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
 

date