Skip to main content

എല്ലാ വാര്‍ഡുകളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കും

    കാക്കനാട്: ജില്ലയിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കാന്‍ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഒരാളും വിശന്നിരിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അതിഥി സംസ്ഥാനതൊഴിലാളികള്‍ക്കടക്കം ഭക്ഷണ വിതരണം ഉറപ്പ് വരുത്തും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തൊഴില്‍ വകുപ്പിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
     കൊച്ചി നഗരസഭയില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമായി കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കാന്‍ മന്ത്രി വി. എസ് സുനില്‍ കുമാര്‍ നിര്‍ദ്ദേശിച്ചു. അതിഥിസംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കണം. ഭക്ഷണ വിതരണത്തിന്റെ ഉത്തരവാദിത്വം കുടുംബ ശ്രീ ഏറ്റെടുക്കണം. കുടുംബ ശ്രീക്ക് കഴിയാത്ത സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായംതേടാം. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ പ്രാഥമിക ചുമതല അവരുടെ കോണ്‍ട്രാക്ടര്‍മാര്‍ക്കാണ്. ഭക്ഷണം ലഭ്യമാക്കാത്ത കോണ്‍ട്രാക്ടര്‍മാരുടെ പേര് വിവരങ്ങള്‍ പോലീസിന് കൈമാറണം. ഇത്തരം ആളുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജി്ല്ലാ കളക്ടര്‍ അറിയിച്ചു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പോഷക സമൃദ്ധമായ ഭക്ഷണം മാത്രം വിതരണം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചു
    കുടുംബ ശ്രീയുടെ ആഭിമുഖ്യത്തില്‍ ഇന്ന് 20 കമ്മ്യൂണിറ്റി കിച്ചണുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ജില്ലയില്‍ കുടുംബ ശ്രീ 150 കമ്മ്യൂണിറ്റി കിച്ചണുകള്‍ ഉടന്‍ ആരംഭിക്കും. കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കാവശ്യമായ പലവ്യഞ്ജന സാധനങ്ങള്‍ സപ്ലൈകോ എത്തിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിലായി 10 സ്ഥലങ്ങളില്‍ പഞ്ചായത്തുകളുടെ ഭക്ഷണ വിതരണം  ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 82 പഞ്ചായത്തുകളിലായി 108 കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും ഇതിനായി പ്രത്യേക കോള്‍ സെന്ററുകളും ആരംഭിക്കും. 
    ജില്ലയില്‍ രണ്ട് മാസത്തേക്കുള്ള റേഷന്‍ സാധനങ്ങള്‍ സ്‌റ്റോക്കുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. പൊതുവിതരണ വകുപ്പ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കും. പതിവ് കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ആരോഗ്യവകുപ്പ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശ്ശിച്ച് ആവശ്യമായ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ട്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എസ്.പി കെ. കാര്‍ത്തിക്, ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ജി. പൂങ്കുഴലി, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date