Skip to main content

സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കുന്ന  സാമൂഹ്യ സുരക്ഷപെന്‍ഷനുകള്‍ വിതരണം തുടങ്ങി ജില്ലയിലെ 43,041 പേര്‍ക്ക് 12.61 കോടി രൂപ പെന്‍ഷനായി ലഭിക്കും

 

സഹകരണ ബാങ്കുകള്‍ വഴി വീടുകളില്‍ എത്തിക്കുന്ന സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ ജില്ലയില്‍ മാര്‍ച്ച് 26 മുതല്‍ വിതരണം ചെയ്തു തുടങ്ങി. 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ തുകയാണ്  ജില്ലയിലെ 101 സഹകരണ ബാങ്കുകള്‍ മുഖേന വീടുകളില്‍ എത്തിക്കുന്നത്. പെന്‍ഷന്‍ വിതരണത്തിനുള്ള തുക  ബന്ധപ്പെട്ട സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 

ജില്ലയിലെ 43,041 പേര്‍ക്കാണ് സഹകരണ ബാങ്കുകള്‍ വഴി വീടുകളില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ എത്തിക്കുന്നത്. ബാങ്കുകളിലെത്തി നേരിട്ട് കൈപ്പറ്റാന്‍ പ്രയാസം നേരിടുന്നവരാണു സഹകരണബാങ്ക് മുഖേന പണം വീടുകളില്‍ എത്തിക്കുന്നത്.സഹകരണ ബാങ്കുകളിലെ കമ്മീഷന്‍ ഏജന്റുമാരാണു സാമൂഹ്യ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത്. 

കോവിഡ് 19 ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം നടത്തുന്ന സഹകരണ സ്ഥാപനങ്ങള്‍ ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിച്ച് സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ച് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് ജോയിന്റ് രജിസ്റ്റാര്‍ എം.ജി പ്രമീള അറിയിച്ചു.  പെന്‍ഷന്‍ വിതരണത്തിന് നിയോഗിക്കപ്പെടുന്നവര്‍ക്ക് യാത്രചെയ്യുന്നതിന് ആവശ്യമായ രേഖ സഹകരണ ബാങ്കില്‍നിന്നും നല്‍കാന്‍ ജോയിന്റ് രജിസ്റ്റാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 101 സഹകരണ ബാങ്കുകള്‍ വഴി സാമൂഹ്യപെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് കര്‍ഷക പെന്‍ഷന്‍ 1,52,32,800  രൂപ, വാര്‍ധക്യകാല പെന്‍ഷന്‍ 7,79,93,000 രൂപ, ഭിന്നശേഷി പെന്‍ഷന്‍ 1,23,00700 രൂപ, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള സാമൂഹിക പെന്‍ഷന്‍ 10,18,200 രൂപ, വിധവ പെന്‍ഷന്‍ 1,97,71,800 രൂപ ഉള്‍പ്പെടെ  മൊത്തം 12,61,16,500 രൂപയാണു ലഭിച്ചിട്ടുള്ളത്.

 

 

 

date