Skip to main content

തിരുവല്ല മണ്ഡലത്തില്‍ എല്ലാ പഞ്ചായത്തുകളിലും കമ്യൂണിറ്റി കിച്ചണുകള്‍ ഒരുങ്ങി: മാത്യു.ടി തോമസ് എം.എല്‍.എ

തിരുവല്ല നിയോജക മണ്ഡലത്തിന് കീഴിലുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചണ്‍  ഒരുങ്ങിയതായി മാത്യു.ടി തോമസ് എം.എല്‍.എ പറഞ്ഞു. കുന്നന്താനം, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ ഒരുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മല്ലപ്പള്ളി താലൂക്കിനു കീഴില്‍ ജീവിത ശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മറ്റും മരുന്നു വാങ്ങിയിരുന്ന രോഗികള്‍ക്ക് താലൂക്ക് ആശുപത്രിയുടെയും പാലിയേറ്റീവ് സൊസൈറ്റികളുടെയും നേതൃത്വത്തില്‍ വീടുകളിലേക്കു മരുന്നെത്തിക്കുവാനുള്ള നടപടികളും ആരംഭിച്ചതായി എം.എല്‍.എ പറഞ്ഞു. തിരുവല്ല നഗരസഭ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, ആനിക്കാട് ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണുകളും എം.എല്‍.എ സന്ദര്‍ശിച്ചു.

കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണകുറുപ്പ്, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സുനില്‍ കുമാര്‍,  ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിന്‍, പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്തംഗം ബിനില്‍ കുമാര്‍, കുന്നന്താനം പഞ്ചായത്ത് സെക്രട്ടറി ഡി.ലക്ഷ്മി, നെടുമ്പ്രം പഞ്ചായത്ത് സെക്രട്ടറി ആര്‍.രാജേഷ്, കുന്നന്താനം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കമലമ്മ,  ഗ്രാപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ എം.എല്‍.എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

 

 

 

 

date