Skip to main content

കോവിഡ് 19: ജില്ലയില്‍ വെന്റിലേറ്റര്‍ വാങ്ങുന്നതിന്  ബിപിസിഎല്‍ 55 ലക്ഷം രൂപ അനുവദിച്ചു

പൊതുമേഖലാ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ബിപിസിഎല്ലിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ വാങ്ങുന്നത്. 

വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി.നൂഹ് എന്നിവരുമായി ബിപിസിഎല്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തരമായി ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.  ജില്ലാ കളക്ടറുമായുള്ള ധാരണാപത്രം അനുസരിച്ച് ബിപിസിഎല്‍ നല്‍കുന്ന 55 ലക്ഷം രൂപ ഉപയോഗിച്ച് പൊതുമേഖലാസ്ഥാപനമായ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നിന്നും അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങി ഉപയോഗപ്പെടുത്തും. 

പ്രതിസന്ധി ഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ക്ക് സഹായംചെയ്യുക എന്നത് ഉത്തരവാദിത്തമുള്ള പൊതുമേഖലാ സ്ഥാപനമെന്ന നിലയ്ക്ക് ബിപിസിഎല്ലിന്റെ കടമയാണെന്ന് ബിപിസിഎല്‍ പബ്ലിക് റിലേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ് പറഞ്ഞു. 

ഒരു മാസത്തിനിടെ പത്തനംതിട്ട ജില്ലയുമായി ബിപിസിഎല്‍ സഹകരിക്കുന്ന രാണ്ടാമത്തെ പദ്ധതിയാണ് ഇത്. ശബരിമല തീര്‍ഥാടകര്‍ക്കായി തീര്‍ഥാടക വിശ്രമകേന്ദ്രങ്ങളില്‍ 61 ശുചിമുറികള്‍ സ്ഥാപിക്കുന്നതിന് അടുത്തിടെ പത്തനംതിട്ട ജില്ലാ കളക്ടറുമായി ബിപിസിഎല്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു.  ബിപിസിഎല്‍ നല്‍കുന്ന 85 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിതികേന്ദ്രം നടപ്പാക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു കഴിഞ്ഞു. രണ്ടു പദ്ധതികള്‍ക്കും കൂടി ആകെ 1.40 കോടി രൂപയാണ് പത്തനംതിട്ട ജില്ലയ്ക്കായി ബിപിസിഎല്‍ അനുവദിച്ചിരിക്കുന്നത്.

date