Skip to main content

സാമൂഹ്യ അടുക്കള മികവോടെ നടത്തണം: ജില്ലാ കളക്ടര്‍

എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള സാമൂഹ്യ അടുക്കള മികവോടെ നടത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരുമായി  കളക്ടറേറ്റില്‍ നിന്നും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പഞ്ചായത്തിലെ നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പു രോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു മാത്രമാണ് സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം സൗജന്യമായി ലഭിക്കുക. സൗജന്യഭക്ഷണത്തിന് അര്‍ഹരായവരുടെ പട്ടിക ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനമാണ് തയാറാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലായിരിക്കും ഉച്ചയൂണ് നല്‍കുക. വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ വോളന്റിയര്‍ ടീം രൂപീകരിക്കും. വോളന്റിയര്‍ ടീം വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് അഞ്ചു രൂപ ചാര്‍ജ് നല്‍കണം. സാമൂഹ്യ അടുക്കളയില്‍ നിന്നും എല്ലാവര്‍ക്കും ഭക്ഷണം സൗജന്യമായി ലഭിക്കുമെന്ന തെറ്റിദ്ധാരണയില്‍ നിരവധിപേര്‍ സമീപിക്കുന്നുണ്ടെന്ന് തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.  ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ആവശ്യമനുസരിച്ച് ഒന്നോ അതില്‍ അധികമോ സാമൂഹിക അടുക്കള തുടങ്ങാം. സമൂഹ അടുക്കളയില്‍ പാചകത്തിന് ഗ്യാസ് സിലിണ്ടര്‍ വേണമെന്ന ആവശ്യത്തിന്മേല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ ആകെ 53 ഗ്രാമപഞ്ചായത്തുകളില്‍ 35 ഇടത്തും നാലു നഗരസഭകളിലും സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം തുടങ്ങി. 

date