Skip to main content

ഏതു സാഹചര്യവും നേരിടാൻ സജ്ജം, കാസർകോട്ട് നിയന്ത്രണങ്ങൾ ശക്തമാക്കും -മുഖ്യമന്ത്രി

* കണ്ണൂർ മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കും
കോവിഡ്19 രോഗബാധ സംബന്ധിച്ച് സ്ഥിതി കൂടുതൽ ഗൗരവതരമായാൽ ഏതു സാഹചര്യത്തെയും നേരിടാൻ നാം സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കാസർകോട്ട് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അവിടെ  നിലവിലുള്ള നിയന്ത്രണങ്ങൾ ഇനിയും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗം മൂർച്ഛിച്ച ആളുകളെ ചികിത്സിക്കുന്നതിന് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയെ സജ്ജീകരിച്ച് കോവിഡ് ആശുപത്രിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവിടെ 200 കിടക്കകളും 40 ഐസിയു കിടക്കകളും 15 വെന്റിലേറ്ററുകളും ഉണ്ട്.
കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. അവിടെ ടെസ്റ്റിങ് സൗകര്യം പ്രയോജനപ്പെടുത്താൻ ഐ.സി.എം.ആറിന്റെ അനുമതിക്കായി ശ്രമിക്കുന്നുണ്ട്. കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടത്തെ അതിവേഗം കോവിഡ് ആശുപത്രിയാക്കും. അവലോകന യോഗത്തിൽ ക്യൂബയിൽ നിന്നുള്ള മരുന്ന് പരിഗണിക്കാം എന്ന അഭിപ്രായം ഉയർന്നു. ഡ്രഗ്സ് കൺട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങാൻ നടപടി സ്വീകരിക്കും.
രോഗവ്യാപനം തടയാൻ എല്ലാ മാർഗങ്ങളും പരിശോധിക്കും. രോഗ പ്രതിരോധത്തിനുള്ള സാധ്യതകളും തേടും. എൻ 95 മാസ്‌ക് ആശുപത്രികളിൽ മാത്രം ഉപയോഗിക്കണം. പരിശോധനാ സംവിധാനം കൂടുതൽ ആവശ്യമാണ്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതി ലഭിച്ചാൽ അതും ആരംഭിക്കും.  എച്ച്ഐവി ബാധിതർക്കുള്ള മരുന്ന് ഇപ്പോൾ ജില്ലാ ആശുപത്രികളിൽ നിന്ന് നൽകുന്നത് താലൂക്ക് ആശുപത്രികളിൽനിന്ന് വിതരണം ചെയ്യും.
കാസർകോട്ട് സർക്കാർ സംവിധാനങ്ങളും ജനങ്ങളും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നും മുംബൈ, ഡെൽഹി തുടങ്ങി ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്നും എത്തിയവർ വീടുകളിൽ തന്നെ കഴിയണം. തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ പ്രത്യേക കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾ ഏർപ്പാടാക്കണം. വിദേശങ്ങളിൽനിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയവരും കുടുംബാംഗങ്ങളും നിർബന്ധിത ഐസൊലേഷന് വിധേയമാകണം.
60 വയസ്സിനു മുകളിലുള്ളവർ വീട്ടിനുള്ളിൽ തന്നെ കഴിയണം. അവരുമായി മറ്റാരും തുടർച്ചയായ സമ്പർക്കം പുലർത്താൻ പാടില്ല. പ്രമേഹം, രക്തസമ്മർദം, അർബുദം, വൃക്കരോഗം, തുടർചികിത്സ ആവശ്യമായ മറ്റേതെങ്കിലും അസുഖങ്ങൾ എന്നിവയുള്ളവർ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ മറ്റുള്ളവരിൽനിന്ന് അകലം പാലിക്കണം.
കാസർകോടിനു സമീപമുള്ള കർണാടക അതിർത്തികൾ മണ്ണിട്ട് അടച്ചിട്ട നടപടി ശരിയല്ല. ഇക്കാര്യം കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ദൈനംദിന ഡയാലിസിസ് ചെയ്യേണ്ടവർക്കുൾപ്പെടെ മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോകാനാവാത്ത അവസ്ഥയാണ്. കണ്ണൂരിൽ അവരെയാകെ ഉൾക്കൊള്ളാൻ സൗകര്യവുമില്ല. ഇത് ഒരു അടിയന്തര സംഗതിയായി കാണും.
കഴിഞ്ഞദിവസം ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച ഒരാളുടെ യാത്രയുടെയും സമ്പർക്കത്തിന്റെയും വിവരങ്ങൾ അമ്പരപ്പിക്കുന്നതാണ്. ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹം. തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട ഘട്ടത്തിൽ ഒരു പൊതുപ്രവർത്തകനിൽനിന്ന് ഇത്തരം സമീപനമായിരുന്നില്ല വേണ്ടത്. ഇത് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ്. കൊറോണ വൈറസ് ഏറെയൊന്നും അകലെയല്ലെന്നും അത് ബാധിക്കാതിരിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തമായാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഫലപ്രദമായ ഇടപെടൽ പൊലീസ് നടത്തിയതു കൊണ്ട് ആളുകൾ അനാവശ്യമായി നിരത്തിലിറങ്ങുന്നത് കുറയ്ക്കാനായി. എന്നാൽ, പൊലീസിന്റെ ഇടപെടലിൽ ചില പരാതികൾ ഉയർന്നത് ഒഴിവാക്കണം. പൊലീസ് ആളുകളെ തടയുമ്പോൾ വിവേചനബുദ്ധി ഉപയോഗിക്കണം. ഇക്കാര്യത്തിൽ കൃത്യമായ ശ്രദ്ധ വേണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
വെയിലത്ത് ജോലി നോക്കുന്ന പോലീസുകാർക്ക് കുടിവെള്ളം നൽകാൻ മേഖലകളിലെ വീട്ടുകാരും റസിഡൻറ്സ് അസോസിയേഷനുകളും സൗകര്യമൊരുക്കണം. പൊലീസിന് കൈയുറകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാൻ നിർദേശം നൽകി.
നോൺ ബാങ്കിങ്, ചിട്ടി സ്ഥാപനങ്ങളും ഇതര സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും റിക്കവറി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പണയത്തിലുള്ള സ്വർണം ലേലം ചെയ്യുന്നത് നിർത്തിവെക്കാനും നിർദേശം നൽകി.
നിരാലംബരും തെരുവിൽ കഴിയുന്നവരുമായ ആളുകൾക്ക് താമസവും ഭക്ഷണവും ഏർപ്പെടുത്താനുള്ള തീരുമാനം അഞ്ച് കോർപ്പറേഷനുകളിലും 26 നഗരസഭകളിലും ഇതിനകം നടപ്പാക്കി. ഇപ്പോൾ ആകെ 1545 പേരാണ് ഈ 31 ക്യാമ്പുകളിലായുള്ളത്. അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്താകെ ഇതുവരെ 4603 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 1,44,145 അതിഥി തൊഴിലാളികളാണ് അവിടങ്ങളിലുള്ളത്. എല്ലാ ക്യാമ്പുകളിലും മാസ്‌ക്കുകളും സോപ്പുകളും സാനിറ്റൈസറുകളും ലഭ്യമാക്കും. ഈ ആവശ്യത്തിന് കൂടുതൽ സ്‌കൂളുകൾ ഏറ്റെടുക്കണം. ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിൽ ബ്രോഷറുകൾ, ലഘു വീഡിയോകൾ എന്നിവ നൽകുന്നുണ്ട്. ഇതോടൊപ്പം ഹിന്ദി കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉപയോഗപ്പെടുത്തിയും അവബോധ പ്രചരണങ്ങൾ തുടരും.
സർക്കാർ ആരംഭിച്ചിട്ടുള്ള കമ്യൂണിറ്റി കിച്ചൺ വഴിയും തൊഴിലുടമകൾ വഴിയും മറ്റു മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തിയും അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനും ശുചിത്വ, ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. തൊഴിൽ വകുപ്പിന് ഇക്കാര്യത്തിൽഫലപ്രദമായി ഇടപെടാനാകും തദ്ദേശസ്ഥാപനങ്ങൾക്ക് ഏകോപനം നടത്താനുമാകും.
സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് മുഖേന കലാകാരൻമാർക്ക് നൽകിവരുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ മാസത്തെ പെൻഷൻ, ഫാമിലി പെൻഷൻ, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം എന്നിവ അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇതിനകം എത്തിച്ചിട്ടുണ്ട്.
ബാറുകളും, ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ചത് ചില ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ മദ്യത്തിന് അടിമകളായവർക്ക് ശാരീരികവും, മാനസികവുമായ വിഷമങ്ങൾ ഉണ്ടാകുവാനും അത് മറ്റ് സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അമിത മദ്യാസക്തിയുള്ളവർക്ക് ആവശ്യമായ ചികിത്സയും കൗൺസിലിങ്ങും വേണം. എക്സൈസ് വകുപ്പിന് കീഴിലുള്ള ഡീ അഡിക്ഷൻ സെന്ററുകളും കൗൺസിലിങ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്.
ലോക്ക്ഡൗണിന്റെ ഭാഗമായി വന്ന മറ്റൊരു വിഷയം വളർത്തുമൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും തീറ്റയ്ക്കുള്ള ദൗർലഭ്യമാണ്. ഇതിനായി ചരക്കുനീക്കം സുഗമമാക്കണം. അതിനുള്ള ഇടപെടൽ നടത്തും. പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമല്ലെന്ന് ചിലർ അറിയിച്ചിട്ടുണ്ട്. വിത്ത്, വളം എന്നിവ വിതരണം ചെയ്യാൻ പ്രാദേശികമായി വളണ്ടിയർമാരെ കൃഷിവകുപ്പ് നിയോഗിക്കണം.
ഭക്ഷ്യധാന്യങ്ങളുടെയും സാധനങ്ങളുടെയും വിതരണം തടസ്സമില്ലാതെ നടത്താൻ ഇടപെടലുണ്ടാകും. ഫ്ളോർമില്ലുകൾ തുറക്കണം. മെഡിക്കൽ ഷോപ്പുകൾ തുറക്കുന്നുണ്ടെങ്കിലും ആയുർവേദ മരുന്നുവിൽപനശാലകൾ ചിലത് അടഞ്ഞുകിടക്കുന്നത് തുടർച്ചയായി ആയുർവേദ മരുന്ന് കഴിക്കുന്നവർക്ക് വിഷമകരമാകും. അത്തരം കടകൾ തുറന്ന് ആവശ്യക്കാർക്ക് മരുന്ന് ലഭ്യമാക്കണം. 'സന്നദ്ധം' പോർട്ടലിലേക്ക് യുവജനങ്ങൾ നല്ലതോതിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നാൽ, എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ കാരണം രജിസ്ട്രേഷൻ മുടങ്ങുന്നെന്ന പരാതി പരിഹാരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന യുവജനക്ഷേമ ബോർഡ് രൂപീകരിച്ച 1.15 ലക്ഷം പേരുടെ സന്നദ്ധ സേനയും കോവിഡ് പ്രതിരോധ രംഗത്ത് ഇടപെടുന്നുണ്ട്. ഇവരെയും സന്നദ്ധം പോർട്ടലിന്റെ ഭാഗമായി ഉപയോഗപ്പെടുത്തും.
അടിയന്തര സാഹചര്യമായതിനാൽ ആരോഗ്യവകുപ്പിലെ ഒഴിവുകൾ നികത്തും. സംസ്ഥാനത്ത് രോഗപ്രതിരോധത്തിന്റെ ആവശ്യത്തിനല്ലാതെ ഒരു തരത്തിലുള്ള ഒഴിപ്പിക്കലും ഇപ്പോൾ ഉണ്ടാകരുത്. കടമുറികളും ഒഴിപ്പിക്കരുത്. സാധനങ്ങളുടെ ദൗർലഭ്യംമൂലം വിലക്കയറ്റം ഉണ്ടാകാതിരിക്കാനും സർക്കാർ ഇടപെടുന്നുണ്ട്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ടെലിമെഡിസിൻ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള ബൃഹത്തായ വിവര ശേഖരണത്തിന് സർക്കാർ തുടക്കംകുറിച്ചു. രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവർ, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവർത്തകർ, അടുത്തിടെ വിദേശത്തു നിന്നെത്തിയവർ, മറ്റ് സംസ്ഥാനങ്ങളിൽ സഞ്ചരിച്ചെത്തിയവർ, രോഗസാധ്യതയുള്ളവർ എന്നിവരുടെയെല്ലാം ഡാറ്റ അടിയന്തരമായി ശേഖരിക്കും. ഇതിനായി സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ  kerala.gov.in ൽ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. കേരളത്തിൽ കൊറോണ പരിചരണം ആവശ്യമായി മുഴുവൻ പേരും ഇന്നും നാളെയുമായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നവർ ഉൾപ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പർക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളിൽ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടർമാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്ട്രേഷൻ സഹായകമാകും. സർക്കാർ, സ്വകാര്യ ഡോക്ടർമാരെ ഐഎംഎയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതൽ ടെലിഫോണിൽ ലഭ്യമാക്കും.
ആരോഗ്യപ്രവർത്തകരെ രോഗം പടരുമെന്ന ഭീതിമൂലം നാട്ടുകാർ ഒറ്റപ്പെടുത്തുന്നത് ഒരു കാരണവശാലും അനുവദിക്കരുത്. അവരോട് അകൽച്ചയോ അനാദരവോ കാണിക്കരുത്.
തെരുവുനായ്ക്കൾ ഭക്ഷണം കിട്ടാതെ അലഞ്ഞ് ഭീതിയുണ്ടാക്കുന്ന അവസ്ഥയുണ്ട്. ഭക്ഷണം കിട്ടാതെ അക്രമോത്സുകരാകാതിരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണം.
ശാസ്താംകോട്ട, മലപ്പുറം മുന്നിയൂർ, തലക്കളത്തൂർ, പള്ളിക്കാട് തുടങ്ങി നിരവധി കാവുകളിൽ ഭക്തജനങ്ങൾ ഇല്ലാതായതോടെ കുരങ്ങൻമാർക്ക് ഭക്ഷണം ലഭിക്കാത്തതിനാൽ അവർ അക്രമാസക്തമാകുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ക്ഷേത്ര അധികാരികൾ ഇടപെടണം.
എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ നീട്ടിയതോടെ ഉത്തരക്കടലാസുകളുടെയും മറ്റും കാവലിന് ജീവനക്കാർ രാത്രിയിൽ ഉൾപ്പെടെ സ്‌കൂളുകളിൽ കഴിയേണ്ട അവസ്ഥയുണ്ട്. സ്ട്രോങ് റൂമിലേക്ക് ശേഖരം മാറ്റി ഈ പ്രശ്നം പരിഹരിക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകി.
തിരുവനന്തപുരത്ത് നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ബീഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നുമുള്ള 350ഓളം അതിഥിത്തൊഴിലാളികൾ ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതെ കഷ്ടപ്പെടുന്നു എന്ന് വാർത്ത വരുന്നുണ്ട്. ബീഹാറിലെ പ്രതിപക്ഷ നേതാവ് ഈ വിഷയം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതിനാൽ അടിയന്തര നടപടിക്ക് നിർദേശം നൽകി.
കൊറോണയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ആവശ്യത്തിന് ഓടുന്ന വാഹനങ്ങൾ സൗജന്യമായി സർവീസ് ചെയ്തു കൊടുക്കാമെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് അറിയിച്ചിട്ടുണ്ട്. പോപീസ് എന്ന് വസ്ത്ര നിർമ്മാണ സ്ഥാപനം സർക്കാർ ആശുപത്രിയിലേക്ക് സൗജന്യമായി നവജാത ശിശുക്കൾക്കുള്ള ചെയ്ത വസ്ത്രങ്ങൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് കെയർ സെന്ററുകളിൽ വാട്ടർ പ്യൂരിഫെയർ, എയർ കൂളർ, ടിവി ഉൾപ്പെടെയുള്ളവ ലഭ്യമാക്കാമെന്ന് എൽ. ജി കമ്പനി അറിയിച്ചിട്ടുണ്ട്. ചില അത്യാവശ്യ ഘട്ടങ്ങളിൽ ഓടേണ്ടി വരുന്ന ഓട്ടോ ടാക്സികൾ അമിതനിരക്ക് ഈടാക്കരുത്.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജിനെ നമ്മൾ പൊതുവേ സ്വാഗതം ചെയ്തതാണ്. എന്നാൽ, നിലവിലുള്ള സാഹചര്യത്തിൽ നമ്മുടെ വിഷമതകൾ പരിഹരിക്കാൻ അത് പര്യാപ്തമല്ല. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും സന്നദ്ധ പ്രവർത്തകർക്കുള്ള ഇൻഷുറൻസിൽനിന്ന് സ്വകാര്യ മേഖലയെ ഒഴിവാക്കിയിരിക്കുന്നു. അവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരും സജീവമായി പങ്കെടുക്കേണ്ടിവരുന്നതുകൊണ്ട് സ്വകാര്യമേഖലയെയും ഉൾപ്പെടുത്തി ആ സംവിധാനം വിപുലപ്പെടുത്തണം.
അഞ്ചു കിലോ അരി, ഒരു കിലോ പയർ എന്നത് എല്ലാവർക്കും നൽകണം. ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ സൗജന്യ റേഷൻ അനുവദിക്കണം. ദരിദ്രർക്കായി പ്രത്യേകപദ്ധതി വേണം. പൊതുആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ പണവും ആവശ്യമായ ഘട്ടമാണിത്. സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് ഓരോ സംസ്ഥാനത്തെയും സ്ഥിതിയും ആവശ്യങ്ങളും കണക്കിലെടുത്ത് കൊറോണ പാക്കേജ്  വിപുലപ്പെടുത്തണം.
സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തുന്നത് അടക്കം പരിഗണിക്കണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. ഈ മൊറോട്ടോറിയം സമയത്ത് പലിശ ഒഴിവാക്കുന്നത് പരിഗണിക്കണം.
നമ്മുടെ നാട് ഇന്നുവരെയില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നമുക്ക് ഈ കഠിന പരീക്ഷണത്തെ അതിജീവിക്കേണ്ടതുണ്ട്. ലോകത്തെ വൻ ശക്തികൾ പോലും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ഈ അവസ്ഥ നമ്മുടെ മുന്നിൽ ഉയർത്തുന്ന ഭീഷണി ചെറുതല്ല. രോഗം പടരാതിരിക്കാനും തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകാനും നിരീക്ഷണത്തിൽ കഴിയുന്നവരെ സംരക്ഷിക്കാനും രോഗശാന്തി ഉറപ്പാക്കാനും വലിയ പ്രയത്നം വേണം. അത് സർക്കാർ സംവിധാനം കൊണ്ടു മാത്രം സാധ്യമാകുന്ന ഒന്നല്ല. ഈ ഘട്ടത്തിൽ നമ്മുടെ ഇടപെടലിനുള്ള സാമ്പത്തിക ശേഷിയും കൂടുതൽ കരുത്തുനേടണം.
അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ സംസ്ഥാനത്തിന് മുന്നിലുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആവുന്നത്ര സംഭാവന ലഭിക്കേണ്ട ഘട്ടമാണിത്. എല്ലാ പ്രയാസങ്ങൾക്കും നടുവിലും അത്തരമൊരു മുൻകൈ ഉണ്ടാവേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവുന്നത് സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കേരളത്തിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് അന്വേഷിച്ചിരുന്നതായും കേരളത്തിന്റെ നടപടികളിൽ സംതൃപ്തി അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.
പി.എൻ.എക്സ്.1232/2020

date