Skip to main content

ലോക്ക് ഡൗണ്‍: അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നടപടികള്‍

കാക്കനാട്: കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് ജില്ലയിലെ അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചു. ഹിന്ദി, തമിഴ്, ബെംഗാളി, ഒഡിയ, ആസാമീസ് ഭാഷകളില്‍ ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 24 ക്യാംപുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന പൂര്‍ത്തിയാക്കി. ഇതിനു പുറമേ, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ മാര്‍ക്കിംഗ് സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ വൃത്തിഹീനമായ സാഹചര്യങ്ങളുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും  ആറായിരത്തോളം അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ശുചീകരണ യജ്ഞം നടത്തുകയും ചെയ്തു. പോലീസ്, എക്‌സൈസ്, ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റ്, ചൈല്‍ഡ് ലൈന്‍, തൊഴില്‍ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് അവശ്യ മരുന്നുകളും ഭക്ഷണവും ലഭിക്കുന്നത് ഉറപ്പാക്കുന്നതിനായി ഹിന്ദി ഭാഷയിലുള്ള ഹോട്ട് ലൈന്‍ സേവനവും കളക്ട്രേറ്റില്‍ ആരംഭിച്ചിട്ടുണ്ട്. അങ്കമാലിയിലും കളമശേരിയിലും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. അങ്കമാലിയില്‍ 400 അതിഥി തൊഴിലാളികള്‍ക്ക് വൈദ്യ പരിശോധനയും നടത്തി. സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെക്കുറിച്ചുള്ള ഫോളോ അപ്പും നടത്തി. ജില്ലയിലെ 34, 680 അതിഥി തൊഴിലാളികളുടെ സംരക്ഷണം അവരുടെ തൊഴിലുടമകള്‍ നിര്‍വഹിക്കുന്നുണ്ട്. സ്വന്തമായി ഭക്ഷണം ലഭിക്കാത്ത തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നുണ്ട്. 189 ക്യാംപുകളിലായി 45523 അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്. നേരത്തേ തൊഴിലാളികളുടെ സംരക്ഷണം ഏറ്റെടുക്കാത്ത തൊഴിലുടമകള്‍ക്കെതിരേ നിയമ നടപടി  സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടിരുന്നു.

date