Skip to main content

ദേശീയ ദുരന്തനിവാരണ നിയമം 2005: ജില്ലാ കളക്ടറുടേത് വിപുലമായ അധികാരങ്ങള്‍

    കാക്കനാട്: ജില്ലയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ക്ക് വിപുലമായ അധികാരങ്ങളാണുള്ളത്. അടിയന്തരഘട്ടങ്ങളില്‍ ദേശീയ, സംസ്ഥാന ദുരന്തനിവാരണചട്ടങ്ങളുടെ ചുവട്പിടിച്ച് ജില്ലയില്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കുവാനുമുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കാണ്. ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വവും ജില്ലാ കളക്ടറില്‍ നിക്ഷിപ്തമാണ്. ജില്ലയിലെ വിവിധ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തുവാനും അവിടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിയമം കളക്ടറെ അധികാരപ്പെടുത്തുന്നു. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ദുരന്തനിവാരണത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപടികള്‍ കൈക്കൊള്ളാനും കളക്ടര്‍ക്ക് അധികാരമുണ്ട്. ഇവ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു.
    ജില്ലാതലത്തിലും പ്രാദേശികതലത്തിലുമുള്ള അധികാരികള്‍ ജില്ല കളക്ടറുടെ ദുരന്തനിവാരണത്തിനായുള്ള തീരുമാനങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. തീരുമാനങ്ങളുടെ നിര്‍വ്വഹണമേല്‍നോട്ടം വഹിക്കുന്നതും കളക്ടറാണ്. ഈ നിയമപ്രകാരം വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപന ചുമതലയും ജില്ലാ കളക്ടറില്‍ നിക്ഷിപ്തമാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തനകര്‍ക്കും പ്രത്യേക പരിശീലനം നല്‍കുവാനും കളക്ടര്‍ക്ക് സാധിക്കുന്നു.
    സര്‍ക്കാര്‍ സംവിധാനങ്ങളെയും സര്‍ക്കാര്‍ ഇതരസംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ജില്ലയിലെ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കേണ്ടതും കളക്ടറാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറമേ ഭരണഘടനാപദവിയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയും ജില്ലാ കളക്ടറുടെ ഉത്തരവാദിത്തമാണ്. 
    ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കുന്നത് ജില്ലാ കളക്ടറാണ്. അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിനായി ജില്ലയിലെ ഏത് സ്ഥാപനവും ഏറ്റെടുക്കുവാനും അവയില്‍ ആവശ്യമായ വെള്ളവും മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനവും ഒരുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സാധിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്ന ഏത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ട അധികാരകേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കാനുള്ള അധികാരവും നിയമപ്രകാരം ജില്ലാ കളക്ടര്‍ക്കുണ്ട്.
    താഴെതട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ സര്‍ക്കാരിതര സന്നദ്ധ സംഘടകളുടെ പ്രവര്‍ത്തന ഏകോപനവും ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അവശ്യവസ്തുക്കളെ നിര്‍വചിക്കാനും അവ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ക്ക് അധികാരമുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദ്ദേശിക്കുന്ന നടപടികള്‍ ജില്ലയില്‍ നടപ്പാക്കേണ്ട ചുമതലയും ഇദ്ദേഹത്തിനാണ്. കൃത്യമായ ഇടവേളകളില്‍ ജില്ലയിലെ ദുരന്തനിവാരണ പരിശീലന പ്രവര്‍ത്തനങ്ങളുടെ ഏകോപനവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായുള്ള ആശയവിനിമയവും ജില്ലാ കളക്ടറിലൂടെയാണ് സാധ്യമാകുന്നത്.

date