Skip to main content

സന്നദ്ധ കൂട്ടയായ്മയില്‍  അതിഥി തൊഴിലാളികള്‍ക്ക്  ഭക്ഷണമൊരുക്കി

 

 

 

അതിഥി തൊഴിലാളികള്‍ക്ക് രണ്ട് നേരം ഭക്ഷണം നല്‍കി അഴിയൂര്‍  ഗ്രാമ പഞ്ചായത്ത്.  സന്നദ്ധ സംഘടനകളായ അഴിയൂര്‍ ഫേസ് ബുക്ക് കൂട്ടായ്മ, സംഗമം അഴിയൂര്‍, ഷാര്‍ജ കെ.എം.സി.സി എന്നിവരുടെ സഹായത്തോടെയാണ് 62 പേര്‍ക്ക് ഭക്ഷണം എത്തിച്ചത്. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 326 അതിഥി തൊഴിലാളികളില്‍ 179 പേര്‍ മാത്രമാണ് ഇപ്പോള്‍ നാട്ടിലുള്ളത്. ബാക്കിയുള്ളവര്‍ സ്വദേശത്തേക്ക് മടങ്ങിയിരിന്നു. ജോലി ഇല്ലെങ്കില്‍ക്കൂടി ചില കരാറുകാര്‍ അവര്‍ക്കു  കീഴിലുള്ള അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ശേഷിക്കുന്നവര്‍ക്കാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ഭക്ഷണം ഉറപ്പാക്കിയത്. 
അംഗങ്ങളുടെ വീടുകളില്‍ നിന്ന് പൊതിച്ചോര്‍ ശേഖരിച്ചാണ് അഴിയൂര്‍ കൂട്ടവും  സംഗമം അഴിയൂരും ഭക്ഷണം സമാഹരിച്ചത്.

മാഹി റയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്‍ ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ മഹിജ തോട്ടത്തില്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, അഴിയൂര്‍ കൂട്ടം അഡ്മിന്‍ പാനല്‍ അംഗം രാഗേഷ്, ഖത്തര്‍ കെ.എം.സി.സി ട്രഷറര്‍ സവാദ് എന്നിവര്‍ സംസാരിച്ചു. റെയില്‍വേ  സ്‌റ്റേഷന്‍, അഴിയൂര്‍ ചുങ്കം എന്നിവിടങ്ങളിലെ ഓട്ടോ തൊഴിലാളികളായ പ്രദീപന്‍ എം.എം, ഫര്‍സല്‍, നിസാര്‍, ഷംസുദ്ദീന്‍, ഇസ്മാഈല്‍, നിയാസ് എന്നിവരാണ് ഭക്ഷണപ്പൊതി തൊഴിലാളികള്‍ക്ക് എത്തിച്ചു  നല്‍കിയത്.  വരും ദിവസങ്ങളില്‍  കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനത്തിലൂടെ ഭക്ഷണം കൂടുതല്‍ പേര്‍ക്ക് നല്‍കാനാണ് കൂട്ടായ്മയുടെ തീരുമാനം.

date