Skip to main content

കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

കാക്കനാട്: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തിറക്കി. കിച്ചണുകളില്‍ അത്യാവശ്യം വേണ്ട ആളുകളെ മാത്രമേ അനുവദിക്കൂ. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും കോഡിനേറ്ററും മാത്രമേ അടുക്കളയില്‍ പ്രവേശനം അനുവദിക്കൂ . ആള്‍ക്കൂട്ടം ഒരു കാരണവശാലും ഇത്തരം കേന്ദ്രങ്ങളില്‍ ഉണ്ടാകരുത്. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സാമുഹിക അടുക്കളകളില്‍ ഒരുക്കണം. ഇവിടെ എത്തുന്നവര്‍ കൈകള്‍ വൃത്തിയാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ട ചുമതല കോഡിനേറ്റര്‍ക്കാണ്. 
    കമ്മ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് പ്രദേശത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ ഉറപ്പ് വരുത്തണം. നിശ്ചിത സമയക്രമത്തിലാകണം കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം. സമയനിഷ്ഠ സാമൂഹിക അടുക്കളകള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പാക്കണം. ഭക്ഷണം തയ്യാറാക്കുമ്പോഴും വിതരണ സമയത്തും ജോലിക്കാരല്ലാത്തവരുടെ സാമിപ്യം ഒഴിവാക്കണം. നിശ്ചിത അളവ് ഭക്ഷണം ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം കോഡിനേറ്റര്‍ക്കാണ്. മതസംഘടനകളുടെയോ രാഷ്ട്രീയ സംഘടനകളുടെയോ അടിസ്ഥാനത്തില്‍ ഇത്തരം ഭക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ജില്ലയിലെ പോലീസ് മേധാവികള്‍ക്കാണ്.

date