Skip to main content

കർണാടക അതിർത്തി അടച്ചിട്ട സംഭവം: കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തി

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ അതിർത്തി അടച്ചിട്ട സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ രാവിലെ വിവരം അറിയിച്ചു. കർണാടക സർക്കാരുമായി സംസാരിച്ച് പരിഹാരം കാണാമെന്നും പുരോഗതി അറയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറി പ്രശ്‌നം കേന്ദ്രകാബിനറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയാണ് കാബിനറ്റ് സെക്രട്ടറിയും അറിയിച്ചത്.
കാസർകോടിനോടു ചേർന്ന മംഗലാപുരം വികസിച്ച ഒരു പട്ടണമാണ്. കാസർകോടും മഞ്ചേശ്വരത്തുമുള്ള മിക്കവരും മംഗലാപുരത്തെ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നവരാണ്. ഇത് ദശാബ്ദങ്ങളായി തുടരുന്ന രീതിയാണ്. ചികിത്‌സയ്ക്കും പലരും മംഗലാപുരത്തെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഡയാലിസിസ് ഉൾപ്പെടെ മുടങ്ങിയവരുണ്ട്. ഇവരുടെ ഗുരുതരാവസ്ഥ പരിഗണിച്ച് പ്രത്യേക ആംബുലൻസിൽ മംഗലാപുരത്ത് ചികിത്‌സയ്ക്കായി കൊണ്ടുപോകുന്നത് ആലോചിക്കണം. ഇത് നല്ല നിർദ്ദേശമാണെന്ന് കേന്ദ്രമന്ത്രിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
പാലക്കാടിന്റെ ചിലയിടങ്ങളിൽ തമിഴ്‌നാട്ടിലേക്കുള്ള യാത്രയും പ്രശ്‌നമായിരുന്നു. കേരളത്തിൽ നിന്ന് പോകുന്ന ലോറികൾ അണുമുക്തമാണെന്ന് ഉറപ്പു വരുത്തും. തമിഴ്‌നാട് മന്ത്രി വേലുമണി, ഡെപ്യൂട്ടി സ്പീക്കർ ജയരാമൻ എന്നിവരുമായി ഞായറാഴ്ച നടുപ്പുണി ചെക്ക് പോസ്റ്റിൽ സംസ്ഥാന ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ച നടത്തും. ആ ഭാഗത്ത് കൂടിയുള്ള ഗതാഗതം സുഗമമാണെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1241/2020

 

date