Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ലോക്ക്ഡൗൺ അവസാനിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കുന്ന നവംബർ 11 ന് മുമ്പ് പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികളാണ് കമ്മീഷൻ സ്വീകരിക്കുന്നത്. വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. മാർച്ച് 27 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ്-19 വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടി നിർത്തിവെയ്ക്കാൻ കമ്മീഷണർ ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷവും പേര് ചേർക്കുന്നതിനും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും രണ്ട് അവസരങ്ങൾ നൽകും. വാർഡ് വിഭജനത്തിന് ശേഷവും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാണ് അവസരങ്ങൾ നൽകുക. അപ്പോൾ ലഭിക്കുന്ന അപേക്ഷകൾ കൂടി പരിഗണിച്ചതിനുശേഷമായിരിക്കും അന്തിമ വോട്ടർ പട്ടിക തയ്യാറാക്കുക.
പി.എൻ.എക്സ്.1242/2020

 

date