Skip to main content

വയോജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധം: 'സുഖായുഷ്യം' പദ്ധതി കട്ടിപ്പാറയിലും

 

 

കോവിഡ്19 വൈറസ് ബാധയുണ്ടാവാന്‍ കൂടുതല്‍ സാധ്യതയുള്ള വിഭാഗമെന്ന നിലയില്‍ വയോജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ വകുപ്പ് കോവിഡ് റെസ്‌പോണ്‍സ് സെല്‍ വഴി നടപ്പിലാക്കുന്ന സുഖായുഷ്യം പദ്ധതി കട്ടിപ്പാറയിലും. 60 വയസ്സിനു മുകളിലുള്ളവരെ പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഔഷധങ്ങളും ചികിത്സയും അടങ്ങിയതാണ് സുഖായുഷ്യം. 

 

കൊറോണക്കാലത്ത് വയോജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍

ഫോണ്‍വഴിയുള്ള ചികിത്സാരീതിക്കാണ് പ്രാമുഖ്യം. അങ്കണവാടി അധ്യാപികമാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ വഴി വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ശേഖരിക്കും. ആയുര്‍വേദ ഡോക്ടര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും മെഡിക്കല്‍ റിസോഴ്‌സ് ഗ്രൂപ്പുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. വയോജനങ്ങളെ നേരിട്ട് വിളിച്ചും ആവശ്യമെങ്കില്‍ വീടുകള്‍ സന്ദര്‍ശിച്ചും  ചികിത്സ ലഭ്യമാക്കും.

 

ഇതൊരു തുടര്‍ചികിത്സാ രീതിയായി വികസിപ്പിക്കുകയാണ് ലക്ഷ്യം. അതിനായി ഓരോ വ്യക്തിയുടെയും മെഡിക്കല്‍ റെക്കോര്‍ഡ് സൂക്ഷിച്ചു വെക്കുന്നതിനായി സംവിധാനമൊരുക്കും. ഓരോ ആഴ്ചയിലും ഫോണിലൂടെ ഇവരുടെ ആരോഗ്യസ്ഥിതി അവലോകനം ചെയ്യും. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ് അടക്കം സേവനങ്ങളും ലഭ്യമാക്കും. 60 വയസ്സിനു താഴെയുള്ളവര്‍ക്ക് മരുന്നുകള്‍ കുറച്ച് ലഘുവ്യായാമം, നല്ല ഭക്ഷണം എന്നിവയിലൂടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി 'സ്വാസ്ഥ്യം' പദ്ധതിയും നടപ്പാക്കുന്നു.

   

'സുഖായുഷ്യം' പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ചേര്‍ന്ന ആയുര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സ് ആലോചനാ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ബേബി ബാബു, മദാരി ജുബൈരിയ, പി സി തോമസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

date