കണ്ണൂര്‍ അറിയപ്പുകള്‍
ഗതാഗതം നിരോധിച്ചു
ധര്‍മ്മടം-മേലൂര്‍-മമ്മാക്കുന്ന് റോഡ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി മീത്തലെപീടിക - മമ്മാക്കുന്ന് റോഡില്‍ മെയ് 31 വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ ചിറക്കുനി-അണ്ടലൂര്‍-പാറപ്രം-പിണറായി വഴി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഉണര്‍വ് പ്രസംഗ മത്സരം അശ്വന്തിന് ഒന്നാം സമ്മാനം
ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്ന കൗമാരക്കാര്‍ക്ക് മാനസികോല്ലാസം നല്‍കുന്നതിനും അവരുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ആരംഭിച്ച 'ഉണര്‍വ്' ഓണ്‍ലൈന്‍ പരിപാടി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വീടുകളില്‍ അടച്ചിരിക്കേണ്ടിവരുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സാമൂഹിക മാധ്യമം വഴിയുള്ള ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ച മാതൃകാപരമായ ഈ പദ്ധതി മറ്റ് ജില്ലകളിലും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പരിപാടിയുടെ ഭാഗമായി യു പി വിഭാഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ 45 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. രാമന്തളി ചിദംബരനാഥ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥി എം വി അശ്വന്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിജയിക്കുള്ള സമ്മാനം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ് നല്‍കി. ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി പിആര്‍ഒ ജാക്‌സണ്‍ ഏഴിമല എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments