Skip to main content

ഭക്ഷ്യ സ്വയംപര്യാപ്തരാകാം സുഭിക്ഷ കേരളം സമഗ്ര കാർഷിക പദ്ധതിയിലൂടെ

കോവിഡിന് ശേഷം വരാനിരിക്കുന്ന അതിരൂക്ഷ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും പരിഹരിക്കാൻ സമഗ്രകാർഷിക പദ്ധതിയുമായി സർക്കാർ. നാടിനെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാൻ കാർഷിക മേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കുകയും കർഷകർക്കാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുകയും വേണമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി ഓഫീസർമാരുടെയും യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വി എസ് സുനിൽ കുമാർ.
കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കാൻ കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം സഹകരണം എന്നീ വകുപ്പുകളുടെ ഏകോപനം വേണം. ജില്ലയിൽ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കണം. എല്ലാ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കൃഷിഭവനുകളുമായി സഹകരിച്ച് അഗ്രോ സർവീസ് സെന്റർ, കാർഷിക കർമ്മ സേനകൾ, സഹകരണ സ്ഥാപനങ്ങൾ, കാർഷിക പ്രതിനിധികൾ എന്നിവരുടെ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തണം. ജില്ലയിൽ തരിശുഭൂമി കൃഷി , പുരയിട കൃഷി, അടുക്കള കൃഷി, കാർഷികോൽപന്നങ്ങങ്ങളുടെ സംഭരണവും വിതരണവും, ക്ഷീര മത്സ്യ വികസനം എന്നീ മേഖലകൾക്കാണ് കൂടുതൽ ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഒരു കോടി വൃക്ഷത്തൈകൾ വിതരണം ചെയ്യും. രണ്ടാം ഘട്ടത്തിൽ ഞാറ്റുവേലച്ചന്തയും തുടർന്ന് കൃഷിയുമായി ബന്ധപ്പെട്ട സ്‌കീമുകളെപ്പറ്റി അറിയുന്നതിന് കൃഷിപാഠശാല, സഹകരണ വകുപ്പുമായി ചേർന്ന് കർഷകർക്ക് വായ്പാ പദ്ധതികൾ, പ്രാദേശികാടിസ്ഥാനത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് ചെറുസംരംഭങ്ങൾ എന്നിവയും ആരംഭിക്കും. യോഗത്തിൽ എഡിഎം റെജി പി ജോസഫ്, ഡെപ്യൂട്ടി പ്ലാനിംഗ് ഡി പി ഒ ഫാത്തിമ എന്നിവർ പങ്കെടുത്തു.

date