ഉപയോഗശൂന്യമായ തോടുകൾ നവീകരിച്ച് ഗുരുവായൂർ നഗരസഭ
തോട് നവീകരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ഗുരുവായൂർ നഗരസഭയിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടികളുടെ ഭാഗമായാണ് തോട് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയുടെ 2020 - 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെമ്മണ്ണൂർ കൊച്ചിൻ ഫ്രോണ്ടിയർ തോട്, വലിയ തോട്, ചെമ്പ്രം തോട് എന്നിവയാണ് നവീകരിക്കുന്നത്.
ഗുരുവായൂർ നഗരസഭയിലെ 4, 5, 6, 7, 10, 11, 21, 22 എന്നീ വാർഡുകളിലൂടെ കടന്ന് പോകുന്ന തോടുകളാണിവ. വർഷങ്ങളായി മണ്ണ് നിറഞ്ഞ് ഒഴുക്ക് നിലച്ച് കിടന്നിരുന്ന 11 കിലോമീറ്ററോളം വരുന്ന ഈ തോടുകൾ 35 ലക്ഷം ചിലവഴിച്ചാണ് നവീകരിക്കുന്നത്. തോടുകളിൽ ചെളിയും മണ്ണും നിറഞ്ഞതുമൂലം കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും പരിസര പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. നവീകരണ പദ്ധതി നടപ്പിലാക്കുന്നതോടെ വെള്ളക്കെട്ടിന് പരിഹാരമാകും.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം പ്രവർത്തനം നടത്തിയാൽ മാത്രമേ മഴയ്ക്ക് മുൻപ് തോടുകളുടെ നവീകരണം സാധ്യമാകൂ. അതനുസരിച്ചാണ് പ്രവർത്തനങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എസ് ഷെനിൽ, മുൻ ചെയർമാൻ ടി. ടി ശിവദാസ് എന്നിവർ പ്രവർത്തന പുരോഗതി വിലയിരുത്തി.
- Log in to post comments