വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങളുടെ ജില്ലാ വിപണന മേളയ്ക്ക് തുടക്കം
ഖാദി മോഡല്‍ കപ്പടംകര മുണ്ടു മുതല്‍ സാരി വരെ വിവിധ വിലകളിലുള്ള കൈത്തറി ഉല്‍പ്പന്നങ്ങള്‍, ചക്കയില്‍ നിന്നുണ്ടാക്കിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, വിവിധ ഭക്ഷ്യവിഭവങ്ങള്‍, ബാഗുകള്‍, ജൈവ വളങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യങ്ങളായ ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ആരംഭിച്ചു. ഈ മാസം 26 വരെ നീണ്ടുനില്‍ക്കുന്ന വിപണനമേള നടക്കുന്നത് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളിലാണ്. കുടുംബശ്രീയുടെ ആറു സ്റ്റാളുകള്‍, നാലു കൈത്തറി സഹകരണ സൊസൈറ്റികളുടെ സ്റ്റാളുള്‍ മുതല്‍ ലീഡ് ബാങ്കിന്റെ നാണയങ്ങള്‍ക്കായുള്ള സ്റ്റാള്‍ വരെ 52 സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപകളുടെ നാണയങ്ങള്‍ ഒന്നിച്ച് ആയിരം രൂപയുടെ നാണയങ്ങളായി നല്‍കുന്നുണ്ട്. ആയിരം രൂപയ്ക്കുള്ള നോട്ട് നല്‍കിയാല്‍ ആയിരം രൂപയുടെ നാണയങ്ങള്‍ മേളയില്‍ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും.
ചെറുകിട വ്യവസായ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനും സംരംഭങ്ങളെ ശാസ്ത്രീകരിക്കുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും കൈവരിക്കുക എന്ന ലക്ഷ്യത്തിനായി വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജില്ലാ തലത്തില്‍ ഈ പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചിരിക്കുന്നത്.
എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ സി.എസ് രമണന്‍ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ എഡിഎംസി:സി.ഹരിദാസന്‍, കെഎസ്എസ്‌ഐഎ പ്രസിഡന്റ് സുഭാഷ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സ്വാഗതവും അസി.ജില്ലാ വ്യവസായ ഓഫീസര്‍ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
- Log in to post comments