Skip to main content

ഹൈടെക് സ്‌കൂള്‍ പദ്ധതി ഇന്‍സ്റ്റലേഷന്‍ നടപടിക്രമങ്ങളായി

 

45000 ക്ലാസ്മുറികള്‍ ഹൈടെക്കാകുന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിലെ 21038 ക്ലാസ്മുറികളില്‍ മൗണ്ടിംഗ് കിറ്റ് ഇന്‍സ്റ്റലേഷനുള്ള നടപടിക്രമം പ്രസിദ്ധീകരിച്ചു. സ്‌കൂളുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള പ്രൊജക്ടര്‍ മൗണ്ടിംഗ് കിറ്റ്, എച്ച്.ഡി.എം.ഐ കേബിള്‍, ഫേസ്‌പ്ലേറ്റ് എന്നിവ ഉപയോഗിച്ച് പ്രാദേശികമായി ലഭ്യമാകുന്ന വിദഗ്ധരുടെ സഹായത്തോടെ സ്‌കൂളുകള്‍ ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനം എല്ലാ ജില്ലകളിലും നടക്കുന്നു. ഇവ വിശദീകരിക്കുന്ന സര്‍ക്കുലറും മാര്‍ഗരേഖയും മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍) തയാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം സ്‌ക്രീന്‍ ആവശ്യമില്ലാത്തയിടങ്ങളില്‍ ഭിത്തി പെയിന്റ് ചെയ്ത് പ്രതല സജ്ജീകരണം നടത്തുന്നതിന്റെ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു ക്ലാസ്മുറിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പരമാവധി 1000 രൂപയും ഭിത്തി പെയിന്റ് ചെയ്ത് സ്‌ക്രീന്‍ ആക്കുന്നതിന് 1500 രൂപയും കൈറ്റ് ലഭ്യമാക്കും. ഹൈടെക് പദ്ധതിയിലുള്ള സ്‌കൂളുകള്‍ ഇതിനായി www.survey.itschool.gov.in ല്‍ ഫെബ്രുവരി 26 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. സര്‍ക്കുലറുകളും വിശദാംശങ്ങളും www.kite.kerala.gov.in ല്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.682/18

 

date