ഐ.ആര്‍.എസ് കോഴഞ്ചേരി താലൂക്ക്തല ആദ്യഘട്ട യോഗം ചേര്‍ന്നു
ജില്ലയില്‍ രണ്ടുദിവസം തുടര്‍ച്ചയായി(മേയ് 18,19) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും മേയ് പകുതിയോടുകൂടി അവസാനിക്കേണ്ട വേനല്‍ മഴ തുടരുന്നതിനാലും കരുതല്‍ ഉണ്ടാകണമെന്ന് കോഴഞ്ചേരി താലൂക്ക് ഇന്‍സിഡന്റ്സ് റെസ്പോണ്‍സ് സിസ്റ്റം (ഐ.ആര്‍.എസ്) റെസ്പോണ്‍സിബിള്‍ ഓഫീസറായ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ് പറഞ്ഞു. ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന കോഴഞ്ചേരി താലൂക്കിലെ ഐ.ആര്‍.എസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഐ.ആര്‍.എസില്‍ ഒരു നോഡല്‍ ഓഫീസര്‍ ഉണ്ടാകണം. പ്രളയസമയത്ത് താലൂക്കില്‍ ആദ്യം വെള്ളംകയറിയ പ്രദേശങ്ങള്‍ കണ്ടെത്തണം. അങ്ങനെയുള്ള പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്രമീകരണം ഉണ്ടാകണം. ഓരോ കുടുംബത്തിന്റെയും വില്ലേജ് തിരിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കണം. ക്യാമ്പ് സജീകരിക്കുന്നതിനായി വിവിധ സ്ഥാപനങ്ങള്‍ ഉണ്ടാകണം. 226 ക്യാമ്പുകളാണ് 2018 ലെ വെള്ളപ്പൊക്കത്തില്‍ കോഴഞ്ചേരി താലൂക്കില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലായിരിക്കണം ഇത്തവണ പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കേണ്ടത്. കോവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അകലംപാലിച്ചുള്ള താമസ സൗകര്യമേ ഒരുക്കാന്‍ കഴിയുള്ളൂ. ഇത്തരത്തില്‍ നാലു തരത്തിലുള്ള ക്യാമ്പുകളാണ് ഇത്തവണ ക്രമീകരിക്കുക.
കഴിഞ്ഞവര്‍ഷത്തെ വെള്ളപ്പൊക്കത്തിനെ അപേക്ഷിച്ച് വെള്ളത്തിന്റെ അളവ് കൂടാന്‍ ഇത്തവണ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ നമുക്ക് കഴിയണം. അടിയന്തരഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനായി കോള്‍ സെന്റര്‍ ആരംഭിക്കും. രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും സജ്ജമാക്കണമെന്നും എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ് പറഞ്ഞു.
കോഴഞ്ചേരി തഹസീല്‍ദാര്‍ ഓമനക്കുട്ടന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. പ്രസാദ്, ജൂനിയര്‍ സുപ്രണ്ട് എസ് സജീവ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ടി.ജയബാബു, എ.എസ്.ഐ:എസ്. സവിരാജന്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് മുബീന എം.ഹനീഫ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments