കോവിഡ് 19 തുടർ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ബുധനാഴ്ച (മെയ് 20)
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സർവകലാശാലയിലെ അധ്യാപകർക്കായി മഹാമാരിയുടെ ഏറ്റവും പുതിയ വിവരങ്ങളെക്കുറിച്ചും ഗവേഷണ രീതികളെക്കുറിച്ചും ഓൺലൈനായി തുടർവിദ്യാഭ്യാസ പരിപാടി നടത്തുന്നു. ഇന്റർനെറ്റ് ആസ്പദമാക്കി വിദൂര അധ്യാപന രീതിയിൽ നടത്തുന്ന ഈ പരിപാടിയിൽ കേരളത്തിലെ നൂറിൽപരം അധ്യാപകർ പങ്കെടുക്കും. ആഴ്ചയിൽ രണ്ടു വീതം തുടങ്ങുന്ന ചർച്ച, ക്ളാസുകളുടെ ഉദ്ഘാടനം ബുധനാഴ്ച (മെയ് 20) ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നമ്മേൽ നിർവഹിക്കും. ഇതേതുടർന്ന് കോവിഡ് 19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ വൈജ്ഞാനിക കണ്ടെത്തലുകൾ, ഗവേഷണ രീതികൾ, കേരളത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റെടുക്കേണ്ട മുൻഗണനകൾ, കോവിഡ് 19 പ്രതിരോധത്തിന്റെ ശാസ്ത്രീയ മാർഗ്ഗങ്ങൾ, നൂതനമായ പ്രതിരോധ രീതികൾ എന്നിവയെക്കുറിച്ചാണ് ക്ലാസുകൾ നടക്കുക. കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളിലെ അധ്യാപകരെയും ഗവേഷകരേയും പരമാവധി ഗവേഷണത്തിലേക്ക് ലഭ്യമാക്കാൻ കൂടിയാണ് ഈ കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വിദഗ്ധർക്ക് പുറമേ മറ്റു ക്ഷണിക്കപ്പെട്ട വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കോഴ്സ് നടത്തുക എന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് helpdesk@kuhs.ac.in എന്ന ഈ മെയിലിലോ 04872207650, 04872207664 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
- Log in to post comments