കോവിഡ് 19: ജില്ലയില്‍ 410 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയില്‍ പുതുതായി വന്ന 410 പേര്‍ ഉള്‍പ്പെടെ 5608 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 25,029 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് വന്ന 12 പേര്‍ ഉള്‍പ്പെടെ 35 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. എട്ട് പേര്‍ ആശുപത്രി വിട്ടു.
ഇന്ന് വന്ന 105 പേര്‍ ഉള്‍പ്പെടെ ആകെ 671 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 267 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 390 പേര്‍ വീടുകളിലുമാണ്. 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 89 പേര്‍ ഗര്‍ഭിണികളാണ്.
ഇന്ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി ജയശ്രീ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ എ നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ എട്ട് പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 151 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 1888 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8316 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
- Log in to post comments