Skip to main content

നാളെ (മെയ് 22) മുതൽ വീടുകളിലേക്ക് മടക്കം ആദ്യസംഘം പ്രവാസികളുടെ സ്ഥാപന നിരീക്ഷണം ഇന്ന് (മെയ് 21) പൂർത്തിയാവുന്നു

കോവിഡ് വ്യാപനത്തെതുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാനുളള സർക്കാർ തീരുമാനപ്രകാരം ജില്ലയിൽ എത്തിയ ആദ്യസംഘത്തിന്റെ സ്ഥാപന നിരീക്ഷണം വ്യാഴാഴ്ച (മെയ് 21) പൂർത്തിയാകും. മെയ് 7 ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ സംഘത്തിന്റെ 14 ദിവസത്തെ നിരീക്ഷണ കാലാവധിയാണ് വ്യാഴാഴ്ച (മെയ് 21) പൂർത്തിയാകുന്നത്. അബുദാബി-കൊച്ചി വിമാനത്തിൽ എത്തിയ 177 പേരിൽ തൃശൂർ ജില്ലയിൽ നിന്നുളള 72 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ കൈക്കുഞ്ഞ് ഉൾപ്പെടെ 39 പേരെ ഗുരുവായൂരിലെ സ്റ്റെർലിംഗ് ഗേറ്റ്‌വേയിലേക്ക് എത്തിച്ചു.
വിമാനത്താവളങ്ങളിലെ നടപടികൾ പൂർത്തിയാക്കി പ്രത്യേക കെഎസ്ആർടിസി ബസുകളിൽ പുലർച്ച 3.30 ഓടെ ഹോട്ടലിൽ എത്തിച്ചവർ 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി. 7 ദിവസത്തെ സ്ഥാപന നിരീക്ഷണമാണ് ആദ്യം നിഷ്‌കർച്ചിതെങ്കിലും പിന്നീട് 14 ദിവസമാക്കി നീട്ടി. നിരീക്ഷണകാലയളവിൽ സ്റ്റെർലിംഗ് ഗേറ്റ്‌വേയിൽ പാർപ്പിച്ച 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണം പൂർത്തിയാകുന്ന 34 പേർക്ക് ഇക്കാര്യം വ്യക്തമാക്കി സർട്ടിഫിക്കറ്റ് നൽകും. 22 ന് ഇവരെ വീടുകളിലേക്ക് അയ്ക്കും. ഇതിനുളള വാഹനങ്ങൾ സ്വന്തമായി ക്രമീകരിക്കണം. സ്ഥാപനനിരീക്ഷണത്തിൽ നിന്ന് വിട്ടയ്ക്കുന്നവർക്ക് തുടർന്ന് ഹോം ക്വാറന്റീൻ ആവശ്യമില്ല. അവർ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
മെയ് 8 ന് ജില്ലയിലേക്ക് തിരിച്ചെത്തി തൃശൂർ ഗരുഡ ഹോട്ടലിൽ നിരീക്ഷണത്തിൽ പാർപ്പിച്ച 27 പേരുടെയും 9 ന് എത്തി കിലയിൽ നിരീക്ഷണത്തിൽ പാർപ്പിച്ച 28 പേരുടെയും 10 ന് തിരിച്ചെത്തി മുരിങ്ങൂർ ഡിവൈനിൽ പാർപ്പിച്ച 26 പേരുടെയും 14 ദിവസത്തെ സ്ഥാപന നിരീക്ഷണം തുടർന്നുളള ദിവസങ്ങളിൽ പൂർത്തിയാക്കും. അതനുസരിച്ച് അവരേയും വീടുകളിലേക്ക് തിരിച്ചയ്ക്കും.
ഡെപ്യൂട്ടി കളക്ടർ കെ മധു നോഡൽ ഓഫീസറായ കൺട്രോൾ റൂം ആണ് സ്ഥാപന നിരീക്ഷണത്തിന്റെ മേൽനോട്ടം വഹിച്ചത്. വീടുകളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 9400063731/32/33/34/35. പൊതുനിരീക്ഷണ സംവിധാനം പൂർത്തിയാക്കിയ വ്യക്തികൾക്ക് കൗൺസിലിങ്ങ് നൽകുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസർ പ്രത്യേക സൗകര്യമൊരുക്കി. ഈ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാം. 9400066920/21/22/23/24/25/26/27/28/29.  

date