Skip to main content
രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു മരച്ചീനി തണ്ട്  നട്ട് സുഭിക്ഷ കേരളം പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.

സുഭിക്ഷ കേരളം പദ്ധതി: കാര്‍ഷിക കരുതലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

കോവിഡ് അനന്തരം സംസ്ഥാനത്തെ  ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് രാജകുമാരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങി  വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സംസ്ഥാനത്ത് സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഒരേക്കര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കി മരച്ചീനി കൃഷി ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി  ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ്  കൃഷിക്കു വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തിയത്. പദ്ധതിയോട് അനുബന്ധിച്ച്  പഞ്ചായത്തിന്റയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള 17 ഹെക്ടര്‍ തരിശുഭൂമിയില്‍ ഇടവേള കൃഷിയായി കിഴങ്ങ് വര്‍ഗങ്ങള്‍, പഴം, പച്ചക്കറികൃഷി എന്നിവയും ആരംഭിച്ചു.  
മരച്ചീനി കൃഷിയുടെ ഭാഗമായ കാട് വെട്ടല്‍, വളമിടീല്‍ തുടങ്ങിയ പരിപാലന ചുമതലയും പഞ്ചായത്തിനാണ്. വളവും മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കൃഷിഭവനും പഞ്ചായത്തിന് ഒപ്പമുണ്ട്. ആറ്-ഏഴ് മാസം കൊണ്ട് വിളവെടുക്കാവുന്ന മികച്ചയിനം മരച്ചീനിയാണ് കൃഷി ചെയ്യുന്നത്. തരിശായി കിടക്കുന്ന സ്വകാര്യ ഭൂമിയിലും പൊതു ഇടങ്ങളിലും  പദ്ധതി വ്യാപിക്കുന്നതിനായി കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രോബാഗ്, പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യും.  അടുത്തഘട്ടത്തില്‍ മത്സ്യകൃഷി, ക്ഷീര വികസനം, മൃഗസംരക്ഷണം എന്നീ മേഖലകളെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു പറഞ്ഞു.    
സുഭിക്ഷ കേരളം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയമോള്‍ ഷാജി, പഞ്ചായത്തംഗങ്ങളായ കെ.കെ തങ്കച്ചന്‍, അമ്പിളി സുഭാഷ്, പരിമളം ജയഗണേശ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ തോമസ് പോള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥരായ നന്ദകുമാര്‍, മിഥുന്‍ സോമന്‍, ജോയ്, സ്മിത, മഞ്ജുഷ, സുജിത എന്നവര്‍ നേതൃത്വം നല്‍കി.
 

date