Skip to main content
സാധരണ ജീവിതത്തിലേക്ക് മടങ്ങിവരുന്ന മൂന്നാര്‍

സാധാരണ ജീവിതത്തിലേക്ക് മടങ്ങി മൂന്നാര്‍

ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അയവുവരുത്തിയതോടെ മൂന്നാറും സാധരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. കൂടുതല്‍ കച്ചവട സ്ഥാപനങ്ങളും പച്ചക്കറി മാര്‍ക്കറ്റുകളും സജീവമായത് മൂന്നാറിന് ഏറെ ആശ്വാസമായി. തോട്ടം മേഖലയില്‍ നിന്നടക്കമുള്ള ആളുകള്‍ മൂന്നാറില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിത്തുടങ്ങി. ടൗണില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തി തുടങ്ങിയതും കെ.എസ് ആര്‍ ടി സി സര്‍വ്വീസ് പുനരാരംഭിച്ചതും മൂന്നാറിന്റെ തിരിച്ചുവരവിന് കൂടുതല്‍ വേഗത കൂട്ടി . നീണ്ട ഇടവേളയ്ക്ക് ശേഷം ഓട്ടോറിക്ഷകള്‍ ഓടിക്കാന്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് തൊഴിലളികള്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടൗണില്‍ നിലനിന്നിരുന്ന കര്‍ശന പരിശോധനകള്‍ക്കും പോലീസ് ഇളവു നല്‍കിയിട്ടുണ്ട്. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നടക്കമെത്തുന്നവരുടെയും പുറം ജില്ലയില്‍ നിന്നെത്തുന്നവരുടെയും വാഹനങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് നാല് കെ.എസ് ആര്‍ ടി സി ബസ്സുകള്‍ മൂന്നാറില്‍ നിന്ന് സര്‍വ്വീസ് നടത്തി.നിലവില്‍ മൂന്നാറിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്.
പഴം ,പച്ചക്കറി മാര്‍ക്കറ്റുകളും മൊത്ത വ്യാപാര കടകളും നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പോലിസും ആരോഗ്യ പ്രവര്‍ത്തകരും കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കു കച്ചവട സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. വൈകുന്നേരം ഏഴു വരെ കടകള്‍ തുറക്കാമെങ്കിലും കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ വൈകുന്നേരം 5 മണിയോടെ  കടകള്‍ അടക്കുന്നവരാണ് ഏറെയും.
ഇടവിട്ട് കൈകള്‍ കഴുകുന്നതിനുള്ള ക്രമീകരണങ്ങളും മൂന്നാറില്‍ കച്ചവട സ്ഥാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്നിരുന്ന തോട്ടം മേഖലകളും നിലവില്‍ സജ്ജീവമായിട്ടുണ്ട്.
 

date