കോവിഡ് 19: ജില്ലയില്‍ 6444 പേര് നിരീക്ഷണത്തില്‍;
26,351 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി;
നിരീക്ഷണത്തിലുള്ള പ്രവാസികള്‍ 964
കോഴിക്കോട് ജില്ലയില്‍ ഇന്ന് (23.05.20) പുതുതായി വന്ന 709 പേര് ഉള്‍പ്പെടെ 6444 പേര് നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ ഇതുവരെ 26,351 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 18 പേര് ഉള്‍പ്പെടെ 74 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 52 പേര് മെഡിക്കല്‍ കോളേജിലും 22 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 13 പേര് മെഡിക്കല്‍ കോളേജില്‍ നിന്നും 2 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 98 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3506 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3328 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3277 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 178 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 90 പേര് ഉള്‍പ്പെടെ ആകെ 964 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 377 പേര് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 564 പേര് വീടുകളിലുമാണ്. 23 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 109 പേര് ഗര്‍ഭിണികളാണ്.
ആരോഗ്യവകുപ്പ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും മറ്റു പകര്‍ച്ചവ്യാധികളുടെ സ്ഥിതിയും വിലയിരുത്തി. യോഗത്തില്‍ ഡി.എം.ഒ. ഡോ.ജയശ്രീ.വി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.വി.ആര്.രാജേന്ദ്രന്, ഡി.പി.എം ഡോ.എ.നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്ട്രോള് സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 7 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്കി. 100 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്കി. 2111 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6981 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
- Log in to post comments