Skip to main content
സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം അരിക്കുഴയിലെ ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തില്‍ ഫലവൃക്ഷ തൈകളും കിഴങ്ങ് വര്‍ഗ്ഗവിളകളും നട്ടുകൊണ്ട് മന്ത്രി എം.എം. മണി നിര്‍വഹിക്കുന്നു.

സുഭിക്ഷ കേരളം പദ്ധതി; പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്ത കൈവരിക്കാനാകുമെന്ന് മന്ത്രി എം.എം. മണി

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ കേരളത്തില്‍ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്ന് മന്ത്രി എം.എം.മണി. പദ്ധതിയുടെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം അരിക്കുഴയിലെ ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തില്‍ നടത്തി. ഫലവൃക്ഷ തൈകളും കിഴങ്ങ് വര്‍ഗ്ഗവിളകളും നട്ടുകൊണ്ട് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാവാതിരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയിലും ഉല്‍പ്പാദന കുറവുണ്ടാകും. ഇത് ഭാവിയില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെ ലഭ്യതക്കുറവിനിടയാക്കും. ഇതിനെ ഒരു പരിധിവരെ മറികടക്കാന്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിക്കായി സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി എം.എം.മണി അറിയിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യാ പൗലോസ് അദ്ധ്യക്ഷയായി. ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, ജില്ലാ കൃഷി ഓഫീസര്‍ ബാബു.ടി.ജോര്‍ജ്, അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുലോചന, അരിക്കുഴ കൃഷി ഫാം സൂപ്രണ്ട് റീലമ്മ, വിവിധ ജനപ്രതിനിധികള്‍, കൃഷി ഉദ്യോഗസ്ഥര്‍, ഫാം തൊഴിലാളികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.  സുഭിക്ഷ കേരളം പദ്ധതി പ്രകാരം അരിക്കുഴ കൃഷി ഫാമില്‍ ആറേക്കര്‍ സ്ഥലത്താണ് കൃഷിയിറക്കുക. നാലേക്കര്‍ സ്ഥലത്ത് ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ വിളവെടുക്കാവുന്ന കപ്പ കൃഷി ചെയ്യും. ചേനയും ചേമ്പും ഒരേക്കര്‍ വീതമാണ് കൃഷിയിറക്കുക. ബാക്കിയുള്ള സ്ഥലങ്ങളില്‍ വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വിളവെടുക്കുന്ന പച്ചക്കറികളും കിഴങ്ങുകളും പൊതുമാര്‍ക്കറ്റുകള്‍ വഴി വിപണിയിലെത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് ഫാം അധികൃതര്‍ പറഞ്ഞു. ഇതു കൂടാതെ 'ഒരു കോടി ഫല വൃക്ഷത്തൈ' വിതരണത്തിന്റെ ഭാഗമായി ജില്ലയിലെ കൃഷി ഭവനുകളില്‍ വിതരണം ചെയ്യുന്നതിനായി 2.25 ലക്ഷം ഫലവൃക്ഷ തൈകള്‍ അരിക്കുഴ കൃഷി ഫാമില്‍ നിന്നുമാണ് ഉല്‍പാദിപ്പിച്ചത്. ലോക്ക് ഡൗണ്‍ സമയത്ത് ഫാമില്‍ ഉല്‍പാദിപ്പിച്ച 14000 പച്ചക്കറി വിത്ത് പാക്കറ്റുകള്‍ കൃഷിഭവനുകള്‍ വഴി വിതരണം ചെയ്തിരുന്നു. ഇതോടൊപ്പം പച്ചക്കറി വിത്തുകളും ഫലവര്‍ഗ വിളകളും ഫാമില്‍ നിന്നും വില്‍പ്പനയും നടത്തുന്നുണ്ട്.

സുഭിക്ഷ കേരളം പദ്ധതി

സംസ്ഥാന തലത്തില്‍ ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, സഹകരണം എന്നീ മേഖലകളിലായി സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കൃഷി - 1449 കോടി രൂപ, മൃഗസംരക്ഷണം - 118 കോടി, ക്ഷീരവികസനം - 215 കോടി, മത്സ്യബന്ധനം - 2078 കോടി. വിവിധ ജില്ലകളിലായി ഹെക്ടര്‍ കണക്കിന് കൃഷിയോഗ്യമായ തരിശുഭൂമി കണ്ടെത്തിയിട്ടുണ്ട്. നെല്ല്, പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍ ചെറുധാന്യങ്ങള്‍ എന്നിവയ്ക്ക് ഉപയുക്തമായ ഭൂമിയാണിവ. 30,000  മുതല്‍ 40,000 രൂപ വരെ ഹെക്ടറൊന്നിന് സബ്സിഡിയുണ്ട്. ഇടവിള കൃഷിയും ഒപ്പം പ്രോത്സാഹിപ്പിക്കും. ഒരു ബ്ലോക്ക് പഞ്ചായത്തില്‍ കുറഞ്ഞത് 200 ഹെക്ടര്‍ കൃഷി ഇറക്കുകയാണ് ലക്ഷ്യം. 10,000 ഫല വര്‍ഗ്ഗ തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈകളും, വിത്തുകളും, ഗ്രോ ബാഗുകളും വിതരണം ചെയ്യും. കൃഷി, കന്നുകാലി വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ എന്നിവ സംയോജിതമായി നടപ്പാക്കുന്നതിന് പ്രോത്സാഹനം നല്‍കും. നബാര്‍ഡ് കുറഞ്ഞ വായ്പയില്‍ കാര്‍ഷിക വായ്പ നല്‍കും. പഞ്ചായത്ത് ചന്തകള്‍, ഓണ്‍ലൈന്‍ വിപണനം, ഇക്കോഷോപ്പ്, :വീക്കിലി മാര്‍ക്കറ്റ് എന്നിവ വിപുലീകരിക്കും. കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, സഹകരണം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തില്‍ ജലവിഭവ വകുപ്പും കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്ക് വ്യവസായ വകുപ്പും പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കും. തരിശുനിലങ്ങളില്‍ പൂര്‍ണവമായി കൃഷിയിറക്കുക ഉല്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക്  നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കൃഷി വകുപ്പിനാണ് പദ്ധതിയുടെ പ്രധാന ചുമതല. ഇതിന്റെ ഭാഗമായി കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശമുണ്ട്. വിത്തുവിതരണത്തിനുള്ള ശൃംഖല സ്ഥാപിക്കണം. നടീല്‍ വസ്തുക്കള്‍, വളം, കീടനാശിനി, തീറ്റ, കോഴിക്കുഞ്ഞുങ്ങള്‍, ആട്ടിന്‍കുട്ടികള്‍, കന്നുകുട്ടികള്‍, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവയൊക്കെ ഇത്തരം കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കണം. കാര്‍ഷിക സര്‍വകലാശാലയുടെയും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെയും വെറ്റിറിനറി സര്‍വകലാശാലയുടെയും ഫിഷറീസ് സര്‍വകലാശാലയുടെയും കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെയും സേവനം പദ്ധതിയുടെ വിജയത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തണം. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍  വ്യക്തമായ പദ്ധതിയുണ്ടാകണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളേയും പങ്കാളികളാക്കണം. ജലസേചനത്തിന് ജലവിഭവ വകുപ്പു സഹകരിക്കും. സുഭിക്ഷ കേരളം പദ്ധതി വന്‍ വിജയമാക്കുന്നതിന് തദ്ദേശസ്വയംഭരണ തലത്തിലും വാര്‍ഡ് തലത്തിലും സമിതികള്‍ രൂപീകരിക്കും. നിയോജകമണ്ഡല അടിസ്ഥാനത്തിലും സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കൃഷി വകുപ്പ് വിശദീകരിച്ചു.
 

date