Skip to main content
ജില്ലയിലാരംഭിക്കുന്ന സ്മാര്‍ട്ട് വില്ലേജോഫീസുകളുടെ ഉദ്ഘാടനം മണക്കാട് വില്ലേജ് ഓഫീസില്‍  വൈദ്യുത മന്ത്രി എം എം മണി വീഡിയോ കോണ്‍ഫ്രസിലൂടെ നിര്‍വ്വഹിക്കുന്നു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ സമീപം

അണക്കരയും ഏലപ്പാറയും ഇനി സ്മാര്‍ട്ട് വില്ലേജുകള്‍

ഇടുക്കി ജില്ലയിലെ അണക്കര, ഏലപ്പാറ എന്നിവിടങ്ങളിലെ സ്മാര്‍ട്ട് വില്ലേജു ഓഫീസുകളുടെ ഉദ്ഘാടനം നടത്തി. വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തിയ ചടങ്ങില്‍ റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി എന്നിവര്‍ ചേര്‍ന്നാണ് സ്മാര്‍ട്ട് വില്ലേജ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന തലത്തില്‍ 14 വില്ലേജുകളാണ് തിങ്കളാഴ്ച്ച മുതല്‍ സ്മാര്‍ട്ട് വില്ലേജുകളായി പ്രവര്‍ത്തനം തുടങ്ങിയത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ചടങ്ങ് മന്ത്രി ഇ. ചന്ദ്രശേഖരനും മണക്കാട് വില്ലേജ് ഓഫീസില്‍ സംഘടിപ്പിച്ച ജില്ലാതല ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയും ഉദ്ഘാടനം ചെയ്തു. ഇതേ സമയം 14 വില്ലേജുകളില്‍ നിന്നും അതത് പ്രദേശത്തെ മന്ത്രിമാരും, എം.എല്‍.എ.മാരും പ്രതിപക്ഷ നേതാവും, ജില്ലാ കളക്ടര്‍മാരും തഹസില്‍ദാര്‍മാരും ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫ്രന്‍സ് ഉദ്ഘാടന ചടങ്ങില്‍ പങ്കാളികളായി.

ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളില്‍ ജീവനക്കാര്‍ക്ക് സുഗമമായ ജോലി സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കും പ്രയോജന പ്രദമാകണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജനസൗഹൃദപരമായ സമീപനം ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. പൊതുജനങ്ങള്‍ ജീവനക്കാരോടും സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളില്‍ നിന്ന് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ  വേഗത്തിലും മികവോടെയും സുതാര്യമായും സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലും ലളിതമായും ജനങ്ങളിലേക്കെത്തിക്കാന്‍ സ്മാര്‍ട്ട് വില്ലേജുകള്‍ ഉപകരിക്കുമെന്ന് മന്ത്രി എം.എം.മണിയും പറഞ്ഞു. അപേക്ഷകളിന്‍മേല്‍ കാലതാമസം ഒഴിവാകുകയെന്നതാണ് പൊതുജനങ്ങളുടെ ആവശ്യം. ഇത് കൂടാതെ ജീവനക്കാര്‍ക്കും ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്മാര്‍ട്ട് വില്ലേജുകളിലൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശനം മന്ത്രിയോടൊപ്പം മണക്കാട് വില്ലേജിലെ ചടങ്ങില്‍ സംബന്ധിച്ചു.
വിവര സാങ്കതികവിദ്യയുടെ പ്രയോജനം പൊതുജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമവുമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സംവിധാനം ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, ടോയ്‌ലറ്റ്, ഓഫീസ് റൂം, ഡൈനിംഗ് റൂം തുടങ്ങ നിരവധി സൗകര്യങ്ങള്‍ സ്മാര്‍ട്ട് വില്ലേജുകളിലുണ്ടാവും. നാല്‍പ്പത് ലക്ഷം രൂപാ വീതം ഉപയോഗിച്ചായിരുന്നു ഏലപ്പാറ, അണക്കര വില്ലേജു ഓഫീസുകളുടെ ആധുനീകരണം.

ഏലപ്പാറ വില്ലേജ് ഓഫീസില്‍ നിന്നും ഇ.എസ്. ബിജി മോള്‍ എം.എല്‍.എ., ഡെപ്യൂട്ടി കളക്ടര്‍ ഹരികുമാര്‍, പീരുമേട് തഹസില്‍ദാര്‍ എം.കെ.ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി സണ്ണി, ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍, വില്ലേജ് ഓഫീസര്‍ റ്റി.എന്‍.ബീനാമ്മ എന്നിവരും അണക്കര വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, ഉടുമ്പന്‍ചോല അഡീ. തഹസില്‍ദാര്‍ ജോസഫ്.കെ.എസ്., ജില്ലാ പഞ്ചായത്തംഗം സാബു വയലില്‍, വില്ലേജ് ഓഫീസര്‍ സഞ്ചിത്ത്.സി. എന്നിവരും അതാത് വില്ലേജുകളില്‍ നിന്നും തല്‍സമയം വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു.
 

date