Skip to main content

സുഭിക്ഷ കേരളം പദ്ധതിക്ക് പൊന്നാനിയില്‍ ഇന്ന് തുടക്കമാകും

 

   സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ സമഗ്ര കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ഫലവൃക്ഷ തൈകളുടെ വ്യാപനം ലക്ഷ്യമാക്കി നാളെ ( ജൂണ്‍ ഒന്ന്) നഗരസഭാ പരിധിയില്‍ വിവിധയിനം തൈകള്‍ വിതരണം ചെയ്യും. ഈഴവത്തുരത്തി കൃഷി ഭവനില്‍ നടക്കുന്ന ചടങ്ങില്‍  മികച്ചയിനം മാവ്, പ്ലാവ്, ഞാവല്‍, ചാമ്പ തുടങ്ങിയവയുടെ ഗ്രാഫ്ട് തൈകള്‍, റെഡ് ലേഡി പപ്പായ തുടങ്ങിയവ 75ശതമാനം സബ്സിഡി നിരക്കിലാണ് കര്‍ഷകര്‍ക്ക് നല്‍കുക.
  
2020-21 സാമ്പത്തിക വര്‍ഷം പൊന്നാനി നഗരസഭയില്‍ നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതികള്‍ക്കുള്ള അപേക്ഷകളും  ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നഗരസഭയുടെ തനത് പദ്ധതികളായ പൊന്നാര്യന്‍ കൊയ്യും പൊന്നാനി, സമഗ്ര തെങ്ങുകൃഷി വികസനം, ജൈവ പച്ചക്കറികൃഷി വികസനം, മഴമറ നിര്‍മ്മാണം (ജനറല്‍,എസ്.സി), ഹരിതഭവനം, ഫലവൃക്ഷ തൈകളുടെ വിതരണം, ഗ്രീന്‍ റോയല്‍റ്റി, ഗ്രോ ബാഗില്‍ ഇഞ്ചി, മഞ്ഞള്‍, കുരുമുളക് കൃഷി,തരിശുഭൂമിയില്‍ നെല്‍കൃഷി വികസനം, കിഴങ്ങുവര്‍ഗ്ഗ കൃഷി വികസനം, തരിശുഭൂമിയില്‍ പച്ചക്കറികൃഷി വികസനം എന്നിവയാണ് അപേക്ഷിക്കാവുന്ന പദ്ധതികള്‍. ജൂണ്‍ ആദ്യവാരം അപേക്ഷകള്‍ ക്രോഡീകരിക്കും.
   
എല്ലാ കാലാവസ്ഥയിലും പച്ചക്കറി കൃഷി ചെയ്യാന്‍ ആവശ്യമായ മഴമറ സംവിധാനം നിര്‍മിക്കുന്നതിന് 50ശതമാനം സാമ്പത്തിക സഹായം നല്‍കും. സംയോജിത കൃഷി അനുവര്‍ത്തിക്കുന്ന കര്‍ഷര്‍ക്ക് 14,500 രൂപയാണ് നഗരസഭ നല്‍കുന്നത്.ജൈവകൃഷി,ജല സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം,  ഗ്രോബാഗ് പച്ചക്കറി, ഇഞ്ചി,  മഞ്ഞള്‍ കൃഷി, കിഴങ്ങ് വര്‍ഗ്ഗകൃഷി എന്നീ പദ്ധതികളും നഗരസഭ  നടപ്പിലാക്കുന്നുണ്ട്. വിവിധ കാര്‍ഷിക വികസന പദ്ധതികളുടെ അപേക്ഷാ ഫോറം നഗരസഭയുടെ ഫ്രണ്ട് ഓഫീസിലും അതാത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ വഴിയും ലഭ്യമാണ്.
 

date