Skip to main content

റോഡു വികസനത്തിന് എല്ലാവരും സഹകരിക്കണം: വീണാ ജോര്‍ജ് എംഎല്‍എ

അടുത്ത 50 വര്‍ഷത്തെ നാടിന്റെ വളര്‍ച്ച കണക്കിലെടുത്ത് എല്ലാവരും റോഡ് വികസനത്തിന് സഹകരിക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ അഭ്യര്‍ഥിച്ചു.
പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം തിരുവല്ലയുടെ പരിധിയില്‍ വരുന്ന ആറന്മുള മണ്ഡലത്തിലെ വിവിധ റോഡുകളില്‍ ബജറ്റ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി  നടത്തി വരുന്ന  നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.
ചെട്ടിമുക്ക് - മാരാമണ്‍ -ആറാട്ടുപുഴ റോഡ് 10 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്.   നിര്‍ദിഷ്ട എരുമേലി വിമാനത്താവളത്തിലേക്ക് ഉള്ള പ്രധാന റോഡായി ഇത് മാറും. ഈ പ്രധാന്യം പരിഗണിച്ചാണ് റോഡ് ഏറ്റവും മികച്ച രീതിയില്‍ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഏഴു കോടി രൂപയാണ് ഈ റോഡിന്റെ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്.  റോഡ് വികസനത്തിന് സ്ഥലം വിട്ടു നല്‍കാന്‍ അരികിലുള്ള ആരാധനാലയങ്ങള്‍ തീരുമാനമെടുത്ത് മാതൃക കാട്ടിയിട്ടുണ്ട്.
വീതി കൂട്ടി നിര്‍മാണം നടന്നു വരുന്ന കുമ്പനാട് ആറാട്ടുപുഴ റോഡ്, കല്ലിശേരി - ഇരവിപേരൂര്‍ റോഡ്, കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടത്തി വരുന്ന ആറന്‍മുള മണ്ഡലത്തിന്റെ ഭാഗമായ കുറ്റൂര്‍ -മനയ്ക്കച്ചിറ റോഡിലെ പുലിയതോടു മുതല്‍ - മനയ്ക്കച്ചിറ വരെയുള്ള ഭാഗങ്ങളുടെ പുരോഗതിയും വിലയിരുത്തി. കല്ലിശേരി ഇരവിപേരൂര്‍ റോഡിന് 6.5 കോടി രൂപ, കുമ്പനാട്- ആറാട്ട് പുഴ  റോഡ്- ആറു കോടി രൂപ, കുമ്പനാട്- ചെറുകോല്‍പ്പുഴ റോഡ് - 10 കോടി രൂപ, കുന്നന്താനം - കീഴ്വാര കടവ് റോഡ് -2.5 കോടി രൂപ, കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുറ്റൂര്‍ - മുത്തൂര്‍-കിഴക്കന്‍ മുത്തൂര്‍ റോഡ് -25.83  കോടി രൂപ എന്നിങ്ങനെയാണ് റോഡുകള്‍ക്ക് തുക അനുവദിച്ചിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കൃഷ്ണകുമാര്‍, തിരുവല്ല നിരത്ത് ഉപവിഭാഗം അസി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ സി.ബി. സുഭാഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ എം. മിനി, ഓവര്‍സിയര്‍ അനീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം.
 

date