Skip to main content

ദുരന്ത നിവാരപ്രവര്‍ത്തനങ്ങള്‍  ശക്തിപ്പെടുത്തും

 

റാന്നി താലൂക്കിലെ പ്രളയ മുന്നൊരുക്കങ്ങളുടെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം യോഗം താലൂക്ക് ഓഫീസില്‍ നടന്നു. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും മറ്റ് പ്രകൃതി ദുരന്തങ്ങളും മുന്നില്‍കണ്ട് വിവിധ വകുപ്പുകള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളും പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ റാന്നി ഉപാസന കടവില്‍ വെള്ളിയാഴ്ച ( ജൂലൈ 3) വൈകിട്ട് ആറിന്  മോക്ഡ്രില്‍ നടത്തും. ഇതിനു മുന്നോടിയായി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍  വിലയിരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. അപകടങ്ങള്‍ ഉണ്ടായാല്‍ കോവിഡ് മാനദണ്ഡപ്രകാരമുള്ള രക്ഷാപ്രവര്‍ത്തനവും പുനരധിവാസ പ്രവര്‍ത്തനങ്ങളുമാണ് നടത്തുക. വെള്ളപ്പൊക്കമുണ്ടായാല്‍ ആദ്യം വെള്ളം കയറുന്ന സ്ഥലങ്ങള്‍ മുന്നില്‍ കണ്ട് ആവശ്യമായ തയാറെടുപ്പുകള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു. റാന്നി തഹസിദാര്‍ പി. ജോണ്‍ വര്‍ഗീസ്, ആര്‍എംഒ അജാസ് ജമാല്‍, ഫയര്‍ ആന്‍ഡ്് റെസ്‌ക്യൂ സര്‍വീസ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ് ഓമനകുട്ടന്‍, മോട്ടോര്‍ വാഹനവകുപ്പ് എം.വി.ഐ എന്‍.എ മോറിസ്, റാന്നി ബി ഡി ഒ കെ.ആര്‍ രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യം, തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date