Skip to main content

ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വേണ്ടത് ജാഗ്രത; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

*ജില്ലയില്‍ കോവിഡ് പരിശോധന ഇരട്ടിയാക്കും
*ആന്റിജന്‍ പരിശോധന ഉടന്‍ ആരംഭിക്കും

    ജില്ലയില്‍ കഴിഞ്ഞദിവസം സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്ക് രോഗബാധയുണ്ടായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ കോവിഡ് അവലോകന യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പൂര്‍ണമായി അടച്ചിടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കി സ്വാബ് ശേഖരിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ കോവിഡ് പരിശോധന ഇരട്ടിയാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും ഇതിനായി ആന്റിജന്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

    താഴെത്തട്ടില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 2,750 ല്‍ അധികം വരുന്ന ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനമൊരുക്കും. ഓഫീസ് ജോലിക്ക് ഹാജരാകാന്‍ കഴിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഓരോ ബൂത്തിലും പരമാവധി ആറ് ഉദ്യോഗസ്ഥരെ നിയോഗിച്ചാകും നിരീക്ഷണം നടത്തുക. ഷോപ്പിംഗ് മാളുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ഇക്കാര്യം ഉറപ്പാക്കാന്‍ നഗരസഭ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് നിരന്തരം യാത്രചെയ്യുന്ന ഉദ്യോഗസ്ഥര്‍ വി.എസ്.എസ്.സിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമായും നടത്തണമെന്നുകാട്ടി വി.എസ്.എസ്.സി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ കത്തുനല്‍കും. പൊതുജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
(പി.ആര്‍.പി. 694/2020)

date