Skip to main content

പരാതികള്‍ക്ക് പരിഹാരവുമായി  അടൂര്‍ താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്ത് 

 

ജില്ലാഭരണകൂടം അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ  നടത്തിയ അടൂര്‍ താലൂക്ക്തല അദാലത്തില്‍ 15 പരാതികള്‍ പരിഹരിച്ചു. ആകെ 26 പരാതികളാണ് കളക്ടറേറ്റില്‍ നിന്നും ഓണ്‍ലൈനായി നടത്തിയ അദാലത്തില്‍ പരിഗണിച്ചത്. അടൂര്‍ താലൂക്കിലെ 12 അക്ഷയകേന്ദ്രങ്ങളിലൂടെ മുന്‍കൂട്ടി പരാതി രജിസ്ട്രര്‍ ചെയ്തവര്‍ ഹാജരായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു.

അദാലത്തിന്റെ പരിഗണനയ്ക്കായി ലഭിച്ചതില്‍ ഭൂരിഭാഗം പരാതികളും വസ്തു സംബന്ധമായ പട്ടയം, പോക്കുവരവ് എന്നിവയായിരുന്നു. റീ സര്‍വേയില്‍ സംഭവിച്ച അപാകതകള്‍ പരിഹരിക്കുന്നതിനുളള അപേക്ഷകള്‍, വിവിധ ക്ഷേമ പെന്‍ഷനുകള്‍, ചികിത്സാ സഹായം, വീടിനുളള ധനസഹായം തുടങ്ങിയവയും  അദാലത്തില്‍ പരിഗണനയ്ക്കായി ലഭിച്ചിരുന്നു. ടി.വി, മൊബൈല്‍ ഫോണ്‍ എന്നിവയുടെ അഭാവത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യം ലഭിക്കുന്നില്ല, അറവുശാലയുടെ പ്രവര്‍ത്തനത്താല്‍ സമീപ പ്രദേശങ്ങളില്‍ തെരുവുനായശല്യം വര്‍ധിക്കുന്നു തുടങ്ങിയ പരാതികളും അദാലത്തിന്റെ പരിഗണനയ്ക്ക് എത്തിയിരുന്നു.

കെ.ഐ.പി കനാല്‍ റോഡ്‌വര്‍ക്ക് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട പരാതി, ബാങ്ക് വായ്പാ തിരിച്ചടവ്, ഉപയോഗ്യശൂന്യമായ കുളം വൃത്തിയാക്കല്‍ തുടങ്ങിയവ സംബന്ധിച്ച പരാതികളും അദാലത്തില്‍ പരിഗണിച്ചു. സമീപ വാസികളുടെ മരങ്ങള്‍ സ്വന്തം വീടുകളുടെ മുകളിലേക്ക് അപകടഭീഷണിയില്‍ നില്ക്കുന്നത് സംബന്ധിച്ച പരാതികളും ലഭിച്ചിരുന്നു.

അദാലത്തില്‍ എ.ഡി.എം അലക്‌സ് പി.തോമസ്, അടൂര്‍ തഹസീല്‍ദാര്‍ ബീന എസ് ഹനീഫ്, ദൂരേഖാ തഹസീല്‍ദാര്‍ കെ.നവീന്‍ ബാബു, ഡെപ്യൂട്ടീ തഹസീല്‍ദാര്‍ ഡി.അജയകുമാര്‍, ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date