Skip to main content

ഹോമിയോ പ്രതിരോധ മരുന്ന് ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു: ഡിഎംഒ

ജില്ലയിലെ പതിനൊന്നര ലക്ഷത്തോളം പേര്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്തതായി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ തുടക്കത്തില്‍തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മെഡിസിന്‍ ജില്ലയില്‍ സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും  സഹായത്തോടെ വ്യാപകമായി വിതരണം ചെയ്തിരുന്നു. ജില്ലയിലെ ജനസംഖ്യയുടെ 96 ശതമാനം പേര്‍ക്ക് ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കി. ഇന്ത്യയില്‍ തന്നെ ഒരു ജില്ലയില്‍ ജനസംഖ്യയുടെ ഇത്രയേറെ ശതമാനം ആളുകള്‍ക്ക് ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കിയത് പത്തനംതിട്ട ജില്ലയില്‍ ആണ്. 

കോവിഡ് രോഗ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇമ്യുണിറ്റി ബൂസ്റ്റര്‍ മെഡിസിന്‍ ഓരോ മാസവും കഴിക്കേണ്ടതുണ്ട്. രാവിലെ ഒരു ഗുളികവീതം മൂന്നു ദിവസം എല്ലാ മാസവും ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്നിന്റെ ബൂസ്റ്റര്‍ ഡോസ് കഴിക്കാനാണ് ഹോമിയോപ്പതി വകുപ്പിന്റെ നിര്‍ദേശം. പത്തനംതിട്ട ജില്ലയില്‍ ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്നിന്റെ ബൂസ്റ്റര്‍ ഡോസ് എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലും ലഭ്യമാണ്. ഇമ്യുണിറ്റി ബൂസ്റ്റര്‍ ഡോസ് എല്ലാവരും കഴിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബിജുകുമാര്‍ അറിയിച്ചു.

 

date