Skip to main content

വെള്ളപ്പൊക്ക പ്രതിരോധം: ജില്ലയിൽ 819 ക്യാമ്പുകൾ സജ്ജം

ജില്ലയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വെള്ളപ്പൊക്കം പ്രതിരോധിക്കുന്നതിനും വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ താലൂക്കുകളിലുമായി 108777 ആളുകളെ താമസിപ്പിക്കാവുന്ന 819 ക്യാമ്പുകൾ സജ്ജമാക്കി. ചാലക്കുടിയിൽ 117, കൊടുങ്ങല്ലൂർ 120, തൃശൂർ 176, തലപ്പിള്ളി 110, ചാവക്കാട് 161, കുന്നംകുളം 31, മുകുന്ദപുരം താലൂക്കിൽ 104 വീതവുമാണ് ക്യാമ്പുകൾ ഉള്ളത്. എ, ബി, സി, ഡി എന്നിങ്ങനെ നാല് വിവിധ വിഭാഗങ്ങളായാണ് ക്യാമ്പുകൾ ഒരുക്കിയിട്ടുള്ളത്. പൊതുവായ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ എ വിഭാഗം കെട്ടിടവും, 60 വയസ്സിനു മുകളിൽ ഉള്ളവർ, കോവിഡ് ഇതര രോഗങ്ങൾ ഉള്ളവർ, എന്നിവർക്കായി ബി വിഭാഗം കെട്ടിടവുമാണ് ഉപയോഗിക്കുക. സി വിഭാഗത്തിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കുവാൻ മുറിയോട് ചേർന്ന് ശുചിമുറി ഉൾപ്പെടെ സൗകര്യങ്ങളൊരുക്കും. ഡി വിഭാഗം കെട്ടിടത്തിൽ, ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളെ മാറ്റി താമസിപ്പിക്കുവാൻ മുറിയോട് ചേർന്ന് ടോയ്‌ലറ്റ് സംവിധാനവും ഒരുക്കിയിരിക്കുന്നു. ഹോം ക്വാറന്റൈൻ അവസാനിക്കുന്ന മുറക്ക് ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ ഇവരെ എ വിഭാഗം കെട്ടിടത്തിൽ താമസിപ്പിക്കും.
2018, 2019 വർഷങ്ങളിൽ ജില്ലയിലെ പ്രളയത്തിന് കനത്ത മഴയോടൊപ്പം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണമായിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ നദീ തടങ്ങൾ, സമുദ്രനിരപ്പിനു താഴെയുള്ള വയൽ പ്രദേശങ്ങളായ കോൾനിലങ്ങൾ, നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങൾ, കനാലുകളുടെ ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവയാണ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളായി വിലയിരുത്തിയിരിക്കുന്നത്.
ജില്ലയിലെ തീരപ്രദേശങ്ങളും, മൺസൂൺ കാലത്ത് സ്ഥിരമായി ഉണ്ടാകുന്ന കടൽ ക്ഷോഭം മൂലം ദുരന്തബാധിതമാവാറുണ്ട്. കാലവർഷ കെടുതിമൂലമുണ്ടാവുന്ന പ്രശ്‌നങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ നേരിടാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പുറമേ സംസ്ഥാന ദുരന്ത നിവാരണ നിധി, ജലസേചന വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, കേരള ലാൻഡ് ഡെവലപ്‌മെൻറ് കോർപ്പറേഷൻ, കൃഷി വകുപ്പ് എന്നിവയുടെ ഫണ്ടുകൾ ലഭ്യമാക്കി ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ജില്ലയിലെ ദുരന്തനിവാരണ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനായി ജില്ലാ അടിയന്തിര ഘട്ട കാര്യ നിർവഹണ കേന്ദ്രം 24 മണിക്കൂറും കളക്ടറേറ്റിൽ പ്രവർത്തിക്കുന്നു. 0487- 2362424 എന്ന ലാൻഡ് ഫോൺ നമ്പറിലും, 9447074424എന്ന മൊബൈൽ നമ്പറിലും, 1077 എന്ന ടോൾ ഫ്രീ നമ്പറിലും 24 മണിക്കൂറും പൊതു ജനങ്ങൾക്ക് വിളിക്കാം..
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരം ഉള്ള മുൻകരുതൽ നടപടികൾ ജില്ലയിൽ സ്വീകരിച്ചിട്ടുണ്ട്. ദുരന്ത സാഹചര്യം നേരിടുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. 14.5 കോടി രൂപയുടെ വിവിധ പ്രവർത്തനങ്ങളാണ് കെ എൽ ഡി സി യുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്നത്. പ്രളയ ജലം ഒഴുകി പോകുന്നതിന് ആവശ്യമായ പാലങ്ങൾ, സ്ലുയിസുകൾ എന്നിവയുടെ നിർമ്മാണം, ചാലുകളുടെ ആഴം കൂട്ടൽ എന്നിവ ഇതിൽലുൾപ്പെടുന്നു. കുറിഞ്ഞക്കൽ മേൽപ്പാലം, പുഴയ്ക്കൽ ഭാഗത്തുള്ള 4 സ്ലുയിസുകൾ, ഹരിപുരം ഭാഗത്തുള്ള ബണ്ട് നിർമാണം എന്നിവ ഇതിനകം തന്നെ പൂർത്തീകരിച്ചു. കൂടാതെ ഹൈ ലെവൽ കനാൽ നിർമ്മാണം(19.52 കോടി), മൂർക്കനാട് മുരിയാട് കനാൽ പുനരുദ്ധാരണം(7.07കോടി ), വിയ്യൂർ പുഴക്കൽ തോടിന്റെ ആഴം കൂട്ടൽ(10.58കോടി) എന്നീ പ്രവൃത്തികളുടെ ടെണ്ടർ നടപടികളിലേക്ക് കടന്നു.
റീബിൽഡ് കേരള പദ്ധതിയിൽ തൃശൂർ പൊന്നാനി കോൾ മേഖല പദ്ധതിയിൽ 193.45 കോടി രൂപ തൃശൂർ മേഖലയ്ക്കാണ് ലഭിച്ചിട്ടുള്ളത്. മണലിപ്പുഴ, കുറുമാലിപ്പുഴ കരുവന്നൂർ പുഴ എന്നിവയിൽ അടിഞ്ഞുകൂടിയ പ്രളയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി 'ജല പ്രയാണം' എന്ന പദ്ധതി ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടെ നടപ്പിലാക്കി. 77 കിലോമീറ്റർ ദൂരത്തിലുള്ള നദീ തടം ഈ പദ്ധതി പ്രകാരം സുഗമമായ ഒഴുക്കിന് സജ്ജമാകും.
ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തികസഹായത്തോടെ 17 പഞ്ചായത്തുകളെ ഏകോപിപ്പി ച്ചുകൊണ്ടാണ് ഈ പദ്ധതി വളരെ കുറഞ്ഞ സമയത്തിൽ നടപ്പിലാക്കുന്നത്. നദികളിലേക്ക് വന്നുചേരുന്ന ചെറുകനാലുകൾ, തടയണകൾ, ഷട്ടറുകൾ എന്നിവയുടെ ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന തടസ്സങ്ങൾ നീക്കുക എന്നതും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു.

date