Skip to main content

ബന്തടുക്ക പി.എച്ച്.സി  ആര്‍ദ്രം നിലവാരത്തിലേക്ക്

കാസര്‍കോട്  വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബന്തടുക്ക  പ്രാഥമിക ആരോഗ്യ  കേന്ദ്രം പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 1.83 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്.കെ കുഞ്ഞിരാമന്‍  എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ബന്തടുക്ക പി.എച്ച്.സി സ്‌പെഷ്യല്‍ ബ്ലോക്ക് നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുണ്ട്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വിഹിതമായി  അഞ്ച്  ലക്ഷം രൂപയും നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുണ്ട്. ബാക്കി 168 ലക്ഷം രൂപ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും ലഭ്യമാകും. 1.83 കോടി രൂപ അടങ്കലില്‍ നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തില്‍ മൂന്ന് ഒ.പി മുറികള്‍ , രണ്ട് നിരീക്ഷണ മുറികള്‍, ഡെന്റല്‍ ഒ.പി, സ്‌പെഷ്യല്‍ ഒ.പി, ഒ.പി രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഡ്രസ്സിംഗ് റും, ലാബ്, ബ്രസ്റ്റ് ഫീഡിംങ് റൂം, ഫാര്‍മസി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും. പൊതുജനങ്ങളെയും കുട്ടികളെയും ഒ.പി ബ്ലോക്കിലേക്ക് വരുന്ന രോഗികളില്‍ നിന്ന് 

അകറ്റി നിര്‍ത്തുന്നതിന് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പബ്ലിക്ക് ഹെല്‍ത്ത് ഡിവിഷന്‍ എന്ന സംവിധാനം  ക്രമീകരിക്കും.പൊതുമരാമത്ത് വകുപ്പ്  കെട്ടിട വിഭാഗം  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തോടൊപ്പം പ്രത്യേകം വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ബന്തടുക്ക പി.എച്ച്.സി ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് തദ്ദേശവാസികള്‍ക്ക് വളരെയധികം ഗുണം ചെയ്യും.പദ്ധതി ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ അറിയിച്ചു

date