Skip to main content

പാലിയേറ്റീവ് കെയര്‍ രംഗത്ത് മാതൃക സൃഷ്ടിച്ച് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ : പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലൂടെ രോഗികള്‍ക്ക് കൈത്താങ്ങേക്കി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. അഞ്ചുവര്‍ഷ കാലയളവില്‍ 50 ലക്ഷത്തില്‍പരം രൂപയുടെ സഹായമാണ് പാലിയേറ്റീവ് കെയര്‍ വഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളിലേക്ക് എത്തിച്ചത്. പഞ്ചായത്ത് തലങ്ങളില്‍ പി.എച്ച്.സികള്‍ കേന്ദ്രീകരിച്ച് പ്രൈമറി പാലിയേറ്റീവ് കെയര്‍, ബ്ലോക്ക് തലത്തില്‍ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ എന്നിങ്ങനെ രണ്ട് തട്ടുകളായാണ് ബ്ലോക്കിലെ പാലിയേറ്റീവ് കെയര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

കിടപ്പ് രോഗികളെ പരിചരിക്കുവാനായി ഗൃഹസന്ദര്‍ശനം, ഫിസിയോതെറാപ്പി ഹോം കെയര്‍, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മോര്‍ഫിന്‍ സപ്പോര്‍ട്ട്, എയര്‍ ബെഡ്, വാക്കിംഗ് സ്റ്റിക്ക്, മുച്ചക്രവാഹനം, ശ്രവണ സഹായി വിതരണം, ഫിസിയോതെറാപ്പി ട്രെയിനിങ്, ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള വൈദ്യസഹായം, ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് വസ്ത്രം, ബെഡ്ഷീറ്റ്, അവശ്യവസ്തുക്കളുടെ വിതരണം,  തുടങ്ങിയ നിരവധി സഹായങ്ങളാണ് പാലിയേറ്റീവ് കെയര്‍ രംഗത്ത് നടപ്പാക്കിവരുന്നത്. പാലിയേറ്റീവ് കെയറിന്റെ ഭാഗമായി ജില്ലയില്‍ ആദ്യമായി വേദന അനുഭവിക്കുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് മോര്‍ഫിന്‍ സപ്പോര്‍ട്ട് സംവിധാനം നടപ്പാക്കി എന്ന പ്രത്യേകതയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിന് സ്വന്തമാണ്. ഇതിനു പുറമേ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനായി എല്ലാ പഞ്ചായത്തുകളിലും ഒരു പ്രത്യേകദിനം തിരഞ്ഞെടുത്ത് അവരുടെ പരിപാടികള്‍ അവതരിപ്പിക്കുകയും അവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്ത് പ്രോത്സാഹനം നല്‍കുകയും ചെയ്തുവരുന്നു.

ബ്ലോക്ക് പരിധിയിലുള്ള അഞ്ചു പഞ്ചായത്തുകളിലെ പി.എച്ച്.സികളിലും ഓരോ പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പി.എച്ച്.സി കളില്‍ പാലിയേറ്റീവ് ഒ.പിയും നടത്തിവരുന്നു. പഞ്ചായത്തുകള്‍ തോറും അംഗവൈകല്യമുള്ളവര്‍ക്കായി പ്രത്യേകം ക്യാമ്പുകള്‍, രോഗി സംഗമം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി മെന്റല്‍ ഹെല്‍ത്ത് പരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പരിധിയില്‍ ഒരു രോഗിയും ആവശ്യ സഹായങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെടരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബ്ലോക്കിലെ പാലിയേറ്റീവ് കെയര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. രോഗികളെ കണ്ടെത്തി ആവശ്യമായ പരിചരണങ്ങള്‍ നല്‍കാന്‍ ബ്ലോക്ക് തലത്തില്‍ നിന്ന് എല്ലാ പിന്തുണയും സഹായവും എപ്പോഴും ഉറപ്പാക്കുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല സെല്‍വരാജ് പറഞ്ഞു
 

date