പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം
ആലപ്പുഴ: ഹയർ സെക്കന്ററി പരീക്ഷയിൽ തുടർച്ചയായ നാലാം വർഷവും 100 ശതമാനം വിജയം നേടിയ സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നും പട്ടികജാതി വികസന വകുപ്പിനു കീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്നതുമായ ഡോ.അംബേദ്‌കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂളിൽ 2020-21 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ തയാറുള്ള, പത്താംതരം വിജയിച്ച പെൺകുട്ടികൾക്ക് ഇവിടുത്തെ ബയോളജി സയൻസ് ബാച്ചിലേക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാൻ പാടുള്ളതല്ല. വിദ്യാഭ്യാസവും അനുബന്ധ ചെലവുകളും പൂർണ്ണമായി സർക്കാർ വഹിക്കും.ആകെയുള്ള സീറ്റിൽ 60% പട്ടികജാതിക്കാർക്കും, 30% പട്ടിക വർഗ്ഗക്കാർക്കും, 10% പൊതു വിഭാഗത്തിനുമായി നീക്കിവച്ചിരിക്കുന്നു. അപേക്ഷാ ഫോറം സ്കൂൾ ഓഫിസിൽ നിന്ന് നേരിട്ടും, 9947264151, 9447488521 എന്നീ വാട്സപ്പ് നമ്പരുകളിൽ നിന്ന് അപേക്ഷകർ ആവശ്യപ്പെടുന്ന മുറയ്ക്കും ലഭ്യമാണ്. രക്ഷിതാവിന്റെ ഫോൺ നമ്പർ സഹിതമുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റ്/ മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, ജാതി-വരുമാനം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവേശനത്തിന് മുൻഗണന ലഭിക്കാൻ ഉതകുന്ന മറ്റു സർട്ടിഫിക്കറ്റുകൾ(ഉണ്ടെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം_ പ്രിൻസിപ്പാൾ,ഡോ.അംബേദ്‌കർ മെമ്മോറിയൽ ഗവ.എം.ആർ.എച്ച്.എസ്.എസ്., വാടയ്ക്കൽ പി.ഒ., പുന്നപ്ര വടക്ക്, ആലപ്പുഴ 688003_ എന്ന മേൽ വിലാസത്തിൽ ആഗസ്റ്റ് 14 വൈകിട്ട് 05 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം അയച്ചുതരേണ്ടതാണ്. താഴെത്തരുന്ന ലിങ്കിൽ നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
- Log in to post comments