ജില്ലയിൽ ശനിയാഴ്ച റെഡ് അലേർട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത
ആഗ്സ്റ്റ് എട്ട് ശനിയാഴ്ച തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതയ്ക്കുള്ള റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.
രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കാനാണ് നിർദേശം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് ഏഴ് മുതൽ പകൽ ഏഴ് വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം. ശക്തമായ കാറ്റ് വീശുന്നതിനാൽ അത് മൂലമുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും നിർദേശിച്ചു. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കും.
കോവിഡ് 19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കും. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും മുഴുവൻ സമയവും പ്രവർത്തിപ്പിക്കും.
- Log in to post comments