Skip to main content

പെട്ടിമുടി മണ്ണിടിച്ചിൽ: 15 മരണം

*മരണമടഞ്ഞവർക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ സഹായം
ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 30 മുറികളുള്ള നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ പൂർണമായും ഇല്ലാതായി എന്നാണ് ലഭ്യമായ റിപ്പോർട്ട്. ആകെ 80ലേറെ പേർ താമസിച്ചിരുന്നു. ഇതിൽ 15 പേരെ രക്ഷപ്പെടുത്തി.
ഗാന്ധിരാജ് (48), ശിവകാമി (35), വിശാൽ (12), മുരുകൻ (46), രാമലക്ഷ്മി (40), മയിൽ സാമി (48), കണ്ണൻ (40), അണ്ണാദുരൈ (44),  രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാൾ (42), സിന്ധു (13), നിതീഷ് (25), പനീർസെൽവം (50), ഗണേശൻ (40) എന്നിവരാണ് മരണമടഞ്ഞത്. പരിക്കേറ്റ മൂന്നു പേരെ കോലഞ്ചേരി മെഡിക്കൽ കോളേജിലും ഒരാളെ മൂന്നാറിലെ ടാറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ആശ്വാസധനമായി സർക്കാർ നൽകും. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കും.
രാജമലയിൽ പുലർച്ചയോടെ മണ്ണിടിച്ചിലുണ്ടായതായാണ് മനസിലാക്കുന്നത്. കനത്ത മഴയെത്തുടർന്ന് വൈദ്യുതിബന്ധവും വാർത്താവിനിമയ ബന്ധവും അവിടെ തടസ്സപ്പെട്ടിരുന്നു. അതുകൊണ്ട് ദുരന്തം പുറംലോകമറിയാൻ വൈകുന്ന സാഹചര്യവുമുണ്ടായി. ഇവിടേയ്ക്കുള്ള റോഡിലെ പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകർ സ്ഥലത്തെത്താൻ വൈകുന്നതിനും ഇടയാക്കി. സബ്കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, ഫയർഫോഴ്‌സ് സംഘങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ലഭ്യമായ മണ്ണുമാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കനത്ത മഴ മുന്നിൽ കണ്ട് ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു യൂണിറ്റിനെ ഇടുക്കി ജില്ലയിലേക്ക് നിയോഗിച്ചിരുന്നു. എന്നാൽ, വാഗമണ്ണിൽ ഇന്നലെ രാത്രി ഒരു കാർ ഒലിച്ചുപോയ സംഭവത്തെതുടർന്ന് എൻഡിആർഎഫ് അവിടെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രാവിലെ ഈ സംഘത്തെ രാജമലയിലേക്ക് നിയോഗിച്ചു. തൃശൂരിൽ ഉണ്ടായിരുന്ന എൻഡിആർഎഫ് സംഘത്തെയും രാജമലയിലെ ദുരന്തമേഖലയിലേക്ക് നിയോഗിച്ചു. ഇതുകൂടാതെ ഫയർഫോഴ്‌സിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ എറണാകുളത്തുനിന്നും നിയോഗിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ തടസമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ചു. മൃതദേഹങ്ങൾ  നിയമനടപടികൾ പൂർത്തിയാക്കി കൈമാറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ക്രൈം ബ്രാഞ്ച് എസ്പി സുദർശനനെ നിയോഗിച്ചു.
എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാർ, ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി എന്നിവർ അപകടസ്ഥലത്തും മൂന്നാറിലുമായി ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിവിധ ബറ്റാലിയനുകളിൽനിന്നും മറ്റു ജില്ലകളിൽനിന്നുമായി അധികമായി പൊലീസിനെ അവിടത്തേക്ക് നിയോഗിച്ചിട്ടുണ്ട്. മഴ കനക്കുന്ന പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ടവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ എറണാകുളം, കോട്ടയം ജില്ലകളിൽനിന്ന് രാജമലയിലേക്ക് നിയോഗിച്ചു. ഇടുക്കി ജില്ലയിൽ മൊബൈൽ മെഡിക്കൽ സംഘത്തെയും ആംബുലൻസുകളെയും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് കരസേനയുടെയും നാവികസേനയുടെയും സഹായവും തേടും.
പി.എൻ.എക്‌സ്. 2699/2020

date