Skip to main content

സുഭിക്ഷ കേരളം; മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ച് മാതൃകയായ പഞ്ചായത്താണ് മാങ്ങാട്ടിടം. ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാത്രം 58 ഹെക്ടര്‍ സ്ഥലത്താണ് ഇവിടെ കൃഷിയിറക്കിയത്. രണ്ട്  ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി, 17 ഹെക്ടറില്‍ കരനെല്‍, ഏഴ് ഹെക്ടറില്‍ പച്ചക്കറി,  ആറ് ഹെക്ടര്‍ സ്ഥലത്ത് കപ്പ, 11 ഹെക്ടര്‍ സ്ഥലത്ത് ഇഞ്ചി, മഞ്ഞള്‍, 13 ഹെക്ടര്‍ സ്ഥലത്ത് വാഴ കൂടാതെ മറ്റ് കൃഷികളും ഇതില്‍പ്പെടുന്നു.  പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി പഞ്ചായത്തിലെ 9500 കുടുംബങ്ങള്‍ക്ക് പച്ചക്കറി തൈകള്‍, വിത്തുകള്‍ എന്നിവയും ലഭ്യമാക്കി. ഒരു  വീട്ടില്‍ മൂന്ന് വാഴക്കന്ന് എന്ന രീതിയില്‍ വാഴകളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിലുള്ള കൂട്ടായ്മയിലൂടെയാണ് പഞ്ചായത്ത് നിവാസികള്‍ പച്ചക്കറി കൃഷി ചെയ്തത്. 17 അംഗങ്ങളുള്ള വട്ടിപ്രത്തുള്ള  സുലഭ ക്ലസ്റ്റര്‍,  10 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ആറങ്ങാട്ടേരി മരതകം കൂട്ടായ്മ എന്നിവരാണ് പച്ചക്കറി കൃഷിയിലൂടെ നൂറുമേനി വിളവെടുത്തത്. പയര്‍, കക്കിരി, വെണ്ട, വഴുതന, പാവല്‍, പടവലം, ചുരയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായും കൃഷി ചെയ്തത്. നാല് വിപണന കേന്ദ്രങ്ങള്‍ വഴിയും ആകാശവാണിയുടെ  കൈമാറ്റം ഗ്രൂപ്പ് വഴിയുമാണ് പച്ചക്കറികള്‍ വില്‍പന നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് ഇവര്‍ക്ക് ലഭിച്ചു. പഞ്ചായത്തില്‍ വട്ടപ്പാറ മുതല്‍ കപ്പണ വരെ പാതയോരത്ത് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ നെല്ലും  കൃഷി ചെയ്യുന്നുണ്ട്.
കൂടാതെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ആയിത്തറ, കണ്ടേരി, കരിയില്‍ എന്നീ മൂന്ന് വാര്‍ഡുകളില്‍ പാഷന്‍ ഫ്രൂട്ട് കൃഷിയും ആരംഭിച്ചിട്ടുണ്ട്. 10 പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിന് 100 പാഷന്‍ ഫ്രൂട്ട് തൈകള്‍ എന്ന രീതിയിലാണ് വിതരണം ചെയ്തത്. കറിവേപ്പ് ഗ്രാമം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ കറിവേപ്പ് കൃഷിക്കും തുടക്കമിട്ടിട്ടുണ്ട്. 100 തൈകള്‍ വീതം രണ്ട് ഗ്രൂപ്പിനും  നല്‍കിയാണ് ഇത് നടപ്പിലാക്കുന്നത്.
ഇതിന് പുറമെ വിവിധ  കൂട്ടായ്മകള്‍ വഴി പപ്പായ കൃഷിയും ആരംഭിച്ചിട്ടുണ്ട്. 150 തൈകള്‍ ആണ് ഒരു കൂട്ടായ്മയ്ക്ക് നല്‍കിയത്. വ്യക്തിഗതമായി കൃഷി ചെയ്യുന്നതിനായി മുരിങ്ങ തൈകളും വിതരണം ചെയ്തു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 24 യൂണിറ്റുകളായി സംയോജിത കൃഷിയും  ആരംഭിച്ചിട്ടുണ്ട്. പശു,  മത്സ്യം, തേനീച്ച, അസോള എന്നിവയാണ്  ഈ  രീതിയില്‍ ഉള്‍പ്പെടുന്നത്.  ഒമ്പത് ലക്ഷത്തോളം  രൂപയുടെ പദ്ധതിയാണിത്. ഇത്തരത്തില്‍ വിവിധ കാര്‍ഷിക പദ്ധതികളിലൂടെ പഞ്ചായത്തിലെ  ഭൂരിഭാഗം ജനങ്ങളെയും കാര്‍ഷിക മേഖലയിലേക്ക് കൊണ്ട് വരാന്‍ പഞ്ചായത്തിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.

date