Skip to main content
മൂലമറ്റം ഇലട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിട നിർമ്മാണോത്ഘാടനംവൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവ്വഹിക്കുന്നു

ഇടുക്കിയിൽ രണ്ടാം വൈദ്യുതി നിലയം യാതാർഥ്യമാക്കും: മന്ത്രി എം.എം.മണി

 

ഇടുക്കിയിൽ രണ്ടാം വൈദ്യുതി നിലയം യാതാർഥ്യമാക്കുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൻ്റെ പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
രണ്ടാം വൈദ്യുത നിലയമെന്ന വലിയ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജൻസി പഠനം നടത്തും. അണ്ടർ ഗ്രൗണ്ട് വൈദ്യുതി നിലയമാണ് ഉദ്ദേശിക്കുന്നത്.
രാത്രിയിൽ പ്രവർത്തനം സജ്ജമാക്കുന്ന തരത്തിലാവും രണ്ടാം വൈദ്യുതി നിലയം.
ഇതോടൊപ്പം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട വൈദ്യുത പദ്ധതികളിൽ കൂടി ഉൽപാദനം പരമാവധിയാക്കും. സൗരോർജ വൈദ്യുതോൽപ്പാദനവും വർദ്ധിപ്പിക്കും. ഇടുക്കി ഡാമിൽ സൗരോർജ പദ്ധതിക്ക് സാധ്യതയെന്ന് കേന്ദ്ര ഏജൻസികളുടെ പഠനങ്ങൾ പറയുന്നുണ്ട്. പുരപ്പുറം വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനോടകം 2.80 ലക്ഷം അപേക്ഷകൾ കിട്ടിക്കഴിഞ്ഞു.
ഇങ്ങനെ വിവിധ തരത്തിൽ ഉൽപ്പാദനം കൂട്ടി കേരളത്തെ വൈദ്യുതി സ്വയം പര്യാപ്ത സംസ്ഥാനമാക്കാനാവും. 
ഉൽപ്പാദനം കൂട്ടിയാൽ വൈദ്യുതി വാങ്ങാനുള്ള ചിലവ് കുറച്ച് ക്രമമേണ മിച്ചം വരുത്തി പുറത്തേക്ക് വിൽക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാനാവും.
ജലവൈദ്യുതി നിലയങ്ങളാണ് ലാഭമെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. കേരളത്തിൽ
താപ വൈദ്യുതി ഉൽപ്പാദനം അപ്രാപ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
കോവിഡ് കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയിരുന്നു.
ഇത് ഉപഭോക്താക്കൾക്ക് വലിയ വൈദ്യുതി ചാർജിനിടയാക്കി.
ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കി ഇതിൽ കുറവ് ചെയ്ത് കൊടുത്തു.
പവർ കട്ടും ലോഡ് ഷെഡിംഗും ഉണ്ടാവില്ലെന്ന പ്രഖ്യാപനത്തിൽ വാക്ക് പാലിക്കാൻ സർക്കാരിന് സാധിച്ചു. ഓഖി, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ മൂലം വൈദ്യുതി വകുപ്പിന് കോടികളുടെ നഷ്ടമുണ്ടായി. 
ആയിരക്കണക്കിന് ട്രാൻസ്ഫോർമറുകളും പതിനായിരക്കണക്കിന് ഇലക്ട്രിക് പോസ്റ്റുകളും ഉൾപ്പെടെ നിരവധി ഉപകരണങ്ങളാണ് നശിച്ചത്.
വൈദ്യുതി വകുപ്പിൻ്റെ കാര്യക്ഷമതയോടെയുള്ള പ്രവർത്തനം കൊണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവ പുനസ്ഥാപിക്കാനായതായും മന്ത്രി പറഞ്ഞു. 
 

date