Skip to main content

കോവിഡ് സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യം: മുഖ്യമന്ത്രി

കോവിഡ് 19 സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്പാനിഷ് ഫ്‌ളൂ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോൾ കോവിഡും അപ്രത്യക്ഷമായേക്കാം. എന്നാൽ അഞ്ചുകോടി മനുഷ്യരുടെ ജീവൻ കവർന്ന ചരിത്രം ആവർത്തിക്കാതിരിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്.
സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രതക്കുറവ് കാണുന്നു. മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങൾ ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തു. ക്വാറന്റീൻ ലംഘിച്ച ഒമ്പതുപേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. സ്വയം നിയന്ത്രണം പാലിക്കാൻ പലരും മടികാണിക്കുന്നതായാണ് കാണുന്നത്. അതോടൊപ്പം ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്. രോഗവ്യാപനം അനിയന്ത്രിതമായി എന്നും മുൻകരുതലുകൾ പാലിക്കുന്നതിൽ ഇനി വലിയ കാര്യമില്ല എന്നുമാണ് പ്രചാരണം. വരുന്നിടത്തു വച്ചു നോക്കാം എന്ന ചിന്താഗതിയും വളരുന്നു. ഇത്  അപകടകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പാനിഷ് ഫ്‌ളൂവിന്റെ കാലത്ത് നാലുവർഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകൾക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യർ മരിക്കുകയും ചെയ്തു. ആ കാലവുമായി താരതമ്യം ചെയ്യുമ്പോൾ ശാസ്ത്രം ബഹുദൂരം പുരോഗമിച്ച സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ ചെറുക്കാൻ മനുഷ്യരാശിക്ക് സാധിച്ചിട്ടുണ്ട്. എന്നിട്ടും ഏതാണ്ട് മൂന്നു കോടി പേർക്ക് രോഗബാധയുണ്ടാവുകയും പത്തു ലക്ഷം പേർ മരണമടയുകയും ചെയ്തു. ഇന്ത്യയിൽ മാത്രം ഇതുവരെ ഏകദേശം 50 ലക്ഷം പേർ രോഗബാധിതരായി. മരണം എൺപതിനായിരം കവിഞ്ഞു.
ലോകത്ത് ഇതുവരെ 10 ലക്ഷത്തിൽ 119 പേരെന്ന നിരക്കിലാണ് മരണങ്ങളുണ്ടായിരിക്കുന്നത്. ഇന്ത്യയിൽ അത് 58 ആണ്. കർണ്ണാടകയിൽ 120ഉം തമിഴ്‌നാട്ടിൽ 117ഉം ആണ് ഡെത്ത് പെർ മില്യൺ. എന്നാൽ കേരളത്തിൽ ഇപ്പോൾ അത് 13 ആണ്. ഇതു നമ്മുടെ പ്രവർത്തനങ്ങളുടെ മികവാണ് തെളിയിക്കുന്നത്. രോഗവ്യാപനത്തിന്റെ തോത് ചികിത്സാ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നതിലും അധികമായാൽ മരണസംഖ്യയും കൂടും. അങ്ങനെ സംഭവിക്കില്ല എന്ന് നമ്മളെല്ലാവരും ഉറച്ച തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിനുകൾ വരുന്നതു വരെ മാസ്‌ക്ക് ധരിക്കുക എന്നതാണ് ഈ അവസരത്തിൽ ചെയ്യേണ്ട പ്രധാന കാര്യം. രണ്ടാമതായി നമുക്ക് ചുറ്റും ഒരു സുരക്ഷാകവചം തീർക്കുകയാണ്. നമ്മുടെ വീട്ടിലെ അംഗങ്ങൾ ഒഴികെ മറ്റെല്ലാവരും ആ സുരക്ഷാ വലയത്തിന് പുറത്താണെന്ന് മനസ്സിലാക്കണം. ജോലി സ്ഥലങ്ങളിൽ ഒപ്പമുള്ളവരും സുഹൃത്തുക്കളുമായി ഇടപഴകുമ്പോൾ അശ്രദ്ധ കാണിക്കരുത്.
ജനക്കൂട്ടം ഒഴിവാക്കുകയും അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ഒരുമിച്ച് ഇരിക്കുന്നത് ഒഴിവാക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 3117/2020

date