Skip to main content

പത്തനംതിട്ട കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മാണം പുനരാരംഭിച്ചു   

 

പത്തനംതിട്ട കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണം പുനരാരംഭിച്ചു. സമുച്ചയത്തിന്റെ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് വീണ ജോര്‍ജ് എംഎല്‍എ നിരന്തരം ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഫണ്ട് പത്തനംതിട്ടയ്ക്ക് അനുവദിച്ചതുകൊണ്ടാണ് കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണം ആരംഭിച്ചത്. എംഎല്‍എ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി പത്തനംതിട്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടി രൂപ നിര്‍മാണ പൂര്‍ത്തീകരണത്തിന് അനുവദിച്ചു.

കരാറുകാരന് നല്‍കാനുണ്ടായിരുന്ന 87 ലക്ഷം രൂപയില്‍ 85 ലക്ഷം രൂപ കെഎസ്ആര്‍ടിസി കൈമാറി. നിര്‍മാണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നതിന് ഒരു എന്‍ജിനീയറെയും രണ്ട് ഓവര്‍സിയര്‍മാരെയും കോര്‍പ്പറേഷന്‍ നിയോഗിച്ചിട്ടുണ്ട്. കെ എസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകറിന്റെ നിര്‍ദേശ പ്രകാരം, കരാറുകാരനും കോര്‍പ്പറേഷനും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.  കെട്ടിട നിര്‍മാണ നിലവാരം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എച്ച്എല്‍എല്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയില്‍ കെട്ടിടം ജോയിന്‍ ചെയ്യുന്നിടത്ത് ലീക്ക് ഒഴിവാക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യും. ടൈലിന്റെ പ്രവൃത്തി, ഓഫീസ് പ്രവര്‍ത്തിക്കേണ്ട മുകള്‍ നിലയിലെ പെയിന്റിംഗ് ഉള്‍പ്പടെയുള്ളവയാണ് ആരംഭിച്ചിരിക്കുന്നത്.

നിര്‍മാണ പൂര്‍ത്തീകരണത്തിന് ശേഷം എച്ച്എല്‍എല്‍ കെട്ടിടം പൂര്‍ണമായി പരിശോധിച്ച്, വിലയിരുത്തിയതിനു ശേഷമായിരിക്കും അവസാന ബില്ല് കരാറുകാരന് കൈമാറുക. ഇതു കരാറിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയും, കരാറുകാരനും തമ്മിലെത്തിയിട്ടുള്ള ധാരണയാണ്. എംഎല്‍എ ഫണ്ടില്‍ നിന്ന് 2.5 കോടി രൂപ അനുവദിച്ച് കെഎസ്ആര്‍റ്റിസിയുടെ മൂന്ന് പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. യാര്‍ഡ് നവീകരണവും, സ്വീവേജ് ട്രീറ്റ്മെന്റ്  പ്ലാന്റ് നിര്‍മാണവും , ബസുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് മേല്‍ക്കൂര സ്ഥാപിക്കുന്ന പ്രവൃത്തികളാണ് എംഎല്‍എ ഫണ്ടില്‍ പൂര്‍ത്തീകരിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് നിലവിലെ ഓഫീസ് കെട്ടിടം മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചു മാറ്റും. പുതിയ യാര്‍ഡ് ഈ ഭാഗത്തേക്കും നീളും. 2021 ജനുവരിയില്‍ ബാക്കി കടകളുടെ ലേലവും നടത്തും.

 

date