Skip to main content

രാജാ രവിവർമ്മ ആർട്ട് ഗ്യാലറി നിർമ്മാണോദ്ഘാടനം നവംബർ രണ്ടിന്

ഭാരതീയ ചിത്രകലയ്ക്ക് വിശ്വപ്രസിദ്ധി നൽകിയ രാജാ രവിവർമ്മയ്ക്ക് അനുയോജ്യമായ സ്മാരകം തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകുന്നു. രാജാ രവിവർമ്മയുടെ അതുല്യമായ സൃഷ്ടികളുടെ ഏറ്റവും വലിയ ശേഖരം ശ്രീചിത്രാ ആർട്ട് ഗ്യാലറിയിലാണുളളത്. ശ്രീചിത്രാ ആർട്ട് ഗ്യാലറിയിൽ സൂക്ഷിച്ചിരിക്കുന്ന 43 രവിവർമ്മ ചിത്രങ്ങളും പെൻസിൽ സ്‌കെച്ചുകളുമാണ് അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിലേക്ക് മാറ്റുന്നത്. എട്ട് കോടി രൂപയാണ് പദ്ധിയുടെ പൂർത്തീകരണത്തിനായി അനുവദിച്ചത്. സർക്കാർ നോഡൽ ഏജൻസിയായ കേരളം മ്യൂസിയം തയ്യാറാക്കിയ പദ്ധതി പ്രകാരം നിലവിലുളള ആർട്ട് ഗ്യാലറിയോട് ചേർന്നാണ് രവിവർമ്മ ആർട്ട്ഗ്യാലറി നിർമ്മിക്കുന്നത്.
നവംബർ രണ്ടിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രവിവർമ്മ ആർട്ട്ഗ്യാലറിയുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കും. ഇതിനോടനുബന്ധിച്ച് മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. മന്ത്രി അഡ്വ. കെ.രാജു വിശിഷ്ടാതിഥിയായി പങ്കെടുക്കും.
പി.എൻ.എക്സ്. 3691/2020

date