Skip to main content

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ  പദ്ധതികളുടെ ഉദ്ഘാടനം- സ്വാഗത സംഘം ചേര്‍ന്നു

 

കോട്ടയം മെഡിക്കല്‍ കോളേജിലെ പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് സുരേഷ് കുറുപ്പ് എംഎല്‍എ ചെയര്‍മാനായും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ കണ്‍വീനറായും പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് വൈസ് ചെയര്‍മാനായും സ്വാഗതസംഘം രൂപീകരിച്ചു. ഇത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടിവ് യോഗത്തില്‍ സമിതി അംഗം കൂടിയായ മുന്‍ എംഎല്‍എ വി.എന്‍. വാസവന്റെ ഉന്നയിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റും ഡെര്‍മിറ്റോളജി വകുപ്പും ആരംഭിക്കണമെന്ന ആവശ്യം പ്രമേയമായി പാസാക്കി. ഇത് പ്രൊപ്പോസലായി മെയ് 27ന് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ. ശൈലജ ടീച്ചറിനും കൈമാറും. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അര്‍പ്പണമനോഭാവവും കഠിനാദ്ധ്വാനവും ആശുപത്രിക്ക് നല്‍കിയ ഗുണഫലങ്ങള്‍ വലുതാണെന്നും കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ ഇത് വഴിയൊരുക്കുമെന്നും വികസന സമിതി അംഗം വി.എന്‍. വാസവന്‍ പറഞ്ഞു. എല്ലാ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കും സൗകര്യമുള്ള സംസ്ഥാനത്തെ മികച്ച ആശുപത്രിയായി മെഡിക്കല്‍ കോളേജിനെ മാറ്റാനാണ് ആളുപത്രി വികസന സമിതിയുടെ ശ്രമം- അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ജയകുമാര്‍, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ സി., ജില്ലാ പഞ്ചായത്തംഗം അഡ്വ. മഹേഷ് ചന്ദ്രന്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

date