Skip to main content

കോവിഡ് പ്രതിരോധത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് പ്രധാനം: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരമ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്. പുതിയ ഭരണസമിതികൾ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ വന്നു. ഒന്നാം ഘട്ടത്തിൽ നേതൃത്വപരമായ പങ്ക് നിർവഹിച്ചവരല്ല ഇപ്പോഴുള്ള പലരും. ജനപ്രതിനിധികൾക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ ഘട്ടം മറികടക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന പങ്കാളിത്തം ഉണ്ടാകണം.
ജനങ്ങൾക്ക് ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പുനൽകൽ, ആവശ്യമായ നോട്ടീസ്, പോസ്റ്ററുകൾ ഒട്ടിക്കൽ എന്നിവ തദ്ദേശ സ്ഥാപന പരിധിയിൽ സംഘടിപ്പിക്കണം. വായനശാല, ക്ലബ്ബുകൾ തുടങ്ങി ആളുകൾ എത്തിച്ചേരുന്ന പൊതുഇടങ്ങളിൽ ആ പ്രദേശത്തെ കോവിഡ് അവസ്ഥ പ്രദർശിപ്പിക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും  തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകണം.  വീടുകളിൽ കഴിയുന്ന രോഗികൾക്ക്  ഭക്ഷണം ലഭിക്കാൻ പ്രയാസം നേരിടും. അവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ  എത്തിക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈ ഉണ്ടാകും.
വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ വാർഡ്തല സമിതികൾ പുനരുജ്ജീവിപ്പിക്കണം. ആശാവർക്കർ, ആരോഗ്യ പ്രവർത്തകൻ, പോലീസ് പ്രതിനിധി, റവന്യു ജീവനക്കാരൻ, വോളണ്ടിയർ എന്നിവർ സമിതിയിൽ ഉണ്ടാവണം.
നേരത്തെ നിലവിലുണ്ടായിരുന്ന വളണ്ടിയർ പദ്ധതി ഫലപ്രദമാക്കണം. ചിലരെങ്കിലും ഒഴിവായി പോയിട്ടുണ്ടാകും.  പുതിയ വളണ്ടിയർമാരെ ആവശ്യമെങ്കിൽ കണ്ടെത്തി സജ്ജമാക്കണം. അത് കൂടുതൽ ആവശ്യമുള്ള ഘട്ടമാണിത്.
പി.എൻ.എക്സ്.1382/2021

date