Skip to main content

വനിതാ ജീവനക്കാർക്ക് പിങ്ക് യൂണിഫോം, ഉത്സവ പ്രതീതിയുമായി കിഴക്കേനട യു.പി.സ്‌കൂൾ ബൂത്ത്

കയറിച്ചെല്ലുന്ന ആരും ആദ്യം ഒന്ന് അമ്പരക്കും. നിറയെ ബലൂൺ കൊണ്ട് അലങ്കരിച്ച വലിയ ആർച്ച്. കൂടാതെ നൂറോളം പേർ കസേരയിൽ സുഖമായി ഇരിക്കുന്നു. ക്യൂ ഇല്ല. ബഹളമില്ല. ഒരു പോളിങ് ബൂത്ത് ആണ് ഇതെന്ന് ഉള്ളിൽ ചെല്ലുമ്പോൾ മാത്രമാണ് അറിയുക. വോട്ടെടുപ്പ് ഹൃദ്യമായ അനുഭവമാക്കാനും വോട്ടർക്ക് പരമാവധി പ്രാധാന്യം നൽകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഒരുക്കുന്ന സ്ത്രീ സൗഹൃദ മാതൃകാ പോളിങ് സ്റ്റേഷനായ ചെങ്ങന്നൂർ കിഴക്കേ നട ഗവൺമെന്റ് യു.പി.സ്‌കൂളിലെ 46ാം നമ്പർ ബൂത്താണ് വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധേയമായത്. ചെറിയ മഴ ഏതാണ്ട് എപ്പോഴും പെയ്തുകൊണ്ടിരുന്നെങ്കിലും ബൂത്തിലെത്തുന്നവർക്ക് ഇതൊന്നും അറിയാതെ വോട്ടു ചെയ്യാനുള്ള അവസരം ഇവിടെ ഒരുക്കിയിരുന്നു. സ്ത്രീ സൗഹൃദബൂത്തുകളുംകൂടിയായതിനാൽ പൊലീസ് ഉൾപ്പടെ പോളിങ് ഉദ്യോഗസ്ഥരെല്ലാം വനിതകൾ എന്ന പ്രത്യേകതയും ഇവിടെയുണ്ട്. 11 മണിക്കുതന്നെ 26.5 ശതമാനം പോളിങ് ഇവിടെ പൂർത്തിയായിരുന്നു. പ്രിസൈഡിങ് ഓഫീസർ ഉൾപ്പടെ എല്ലാവർക്കും പിങ്ക് യൂണിഫോം എന്നതും എടുത്തുപറയാവുന്ന പ്രത്യേകതയായി. വികലാംഗരെ വോട്ടുചെയ്യാൻ ബൂത്തിലെത്തിക്കാൻ വീൽചെയറും ഇവിടെ സദാ റഡി. ബൂത്തിൽ പ്രവേശിക്കുന്നയിടം മുതൽ ഏതൊക്കെ ഭാഗത്തേക്കാണ് പോകേണ്ടതെന്ന ദിശാസൂചകങ്ങൾ, കുടിവെള്ളത്തിന് പ്രത്യേക സംവിധാനം, ടോയ്ലറ്റുകൾ, വിശ്രമസ്ഥലം, മെഡിക്കൽ സംഘം  തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു.  അമ്മമാർക്കായി ഫീഡിങ് റൂമും തയ്യാറാക്കി. ചെങ്ങന്നൂരിൽ അഞ്ച് മാതൃകാ പോളിങ് സ്റ്റേഷനുകളും 10 സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകളുമാണ് ഉണ്ടായിരുന്നത്.  

വോട്ട് ചെയ്യാനെത്തിയവർക്ക്  പ്ലാവിൻ തൈകളും    

കിഴക്കേനട യു.പി.സ്‌കൂളിലെ മാതൃകാ ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുന്നവർക്ക് വൃക്ഷത്തൈയും നൽകി. എൻ.എസ്.എസ്. വാളണ്ടിയർമാരാണ് വൃക്ഷത്തൈ നൽകുന്നതിന്റെ ചുമതല നിർവഹിച്ചത്. വോട്ട് ചെയ്തതിന് ജില്ലാ കളക്ടറുടെ നന്ദി കാർഡും നൽകി. 

 

കന്നിവോട്ടർമാർക്ക് സെൽഫി

കിഴക്കേനട യു.പി.സ്‌കൂളിലെ മാതൃകാ ബൂത്തിൽ നവാഗതരായ വോട്ടർമാർക്ക് സെൽഫി പോയിന്റും തയ്യാറാക്കിയിരുന്നു. യെസ് ഐ ഡിഡ് എന്നെഴുതിയ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാൻ ധാരാളം കന്നിവോട്ടർമാരും എത്തി. എ.ഡി.സി. ജനറൽ വി.പ്രദീപ്കുമാറിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് മാതൃകബൂത്ത് സജ്ജമാക്കിയത്.

(പി.എൻ.എ 1117/ 2018)

date