Skip to main content

തീരദേശ പരിപാലന പദ്ധതിക്ക് അഭ്യര്‍ത്ഥനയുമായി പുന്നയൂര്‍ പഞ്ചായത്ത് 

 

തീരദേശ പരിപാലന പദ്ധതിയുടെ കരട് റിപ്പോര്‍ട്ടിലേക്ക് അഭ്യര്‍ത്ഥനയുമായി പുന്നയൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്‍റ് ടി വി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ കരട് റിപ്പോര്‍ട്ടിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് നിവേദനം തയ്യാറാക്കിയത്. തീരദേശ സംരക്ഷണം, തീരദേശവാസികളുടെ സുരക്ഷിതത്വം, ദുരന്തനിവാരണം, സുസ്ഥിര വികസനം എന്നിവ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നടപ്പിലാക്കുന്നതിനാണ് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്. 

കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ലാന്‍ പദ്ധതിയിലേക്ക് ശുപാര്‍ശ നല്‍കുന്നതിന് പദ്ധതി ബാധിക്കുന്ന ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുന്നയൂര്‍ പഞ്ചായത്ത് നിവേദനം തയ്യാറാക്കിയത്. തീരദേശ പരിപാലന മേഖലയില്‍ 3 എ യില്‍ കടല്‍ മുഖത്തിന് വേലിയേറ്റ രേഖയില്‍ നിന്ന് കരയിലേക്ക് 50 മീറ്റര്‍ ദൂരത്തില്‍ നിര്‍മ്മാണം നടത്താമെന്ന് വിജ്ഞാപനത്തിലുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററില്‍ ജനസാന്ദ്രത 2161 മുകളിലുള്ള വില്ലേജുകള്‍ ഇതിന് കീഴില്‍ വരും. 2011 ലെ സെന്‍സസ് പ്രകാരമാണ് ജനസാന്ദ്രത കണക്കാക്കുക. 

പുന്നയൂര്‍ പഞ്ചായത്തിലെ വില്ലേജുകളായ എടക്കഴിയൂരിലും പുന്നയൂരിലും നിലവില്‍ ജനസാന്ദ്രത ഒരേ രീതിയിലായതിനാല്‍ വില്ലേജുകളിലെ തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും 50 മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണം നടത്താന്‍ കഴിയുന്ന രീതിയില്‍ കാറ്റഗറി 3 എയില്‍ ഉള്‍പ്പെടുത്താം. അതിനായി മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയുടെ അടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് രണ്ട് വില്ലേജുകളും കാറ്റഗറി 3 എ യില്‍ ഉള്‍പ്പെടുത്താനും പഞ്ചായത്ത് റിപ്പോര്‍ട്ടില്‍ അഭ്യര്‍ത്ഥിച്ചു. 

പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സെലീന നാസര്‍, കെ എ വിശ്വനാഥന്‍, സുഹറ ബക്കര്‍, എം വി ഹൈദരലി, സുബൈദ പുളിക്കല്‍, പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

date